Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം
29/09/2016

വെള്ളൂര്‍: പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.എന്‍.എല്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അനിയന്ത്രിതമായ ഇറക്കുമതി നയം മൂലവും ബാഹ്യമായ മററുകാരണങ്ങളാലും ഏറെ പ്രതിസന്ധിയിലാണ് എച്ച്.എന്‍.എല്‍. കമ്പനിയുടെ ഉല്‍പന്നമായ ന്യൂസ്പ്രിന്റ് ഉല്‍പാദന ചെലവിനേക്കാള്‍ വിലകുറച്ച് വിദേശത്തുനിന്നും ഇന്‍ഡ്യയില്‍ വില്‍ക്കുന്നതുമൂലം നിലനില്‍പിനായി കമ്പനി പാടുപെടുകയാണെന്ന് കത്തില്‍ പറയുന്നു. എച്ച്.എന്‍.എല്ലിനെ സ്വകാര്യവല്‍ക്കരിക്കുവാനോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃകമ്പനിയായ എച്ച്.പി.സിയില്‍ ലയിപ്പിക്കുവാനോ ഉള്ള നടപടികളുമായി മുന്നോട്ടുപോകുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുന്ന വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ ഇപ്പോള്‍ കമ്പനിക്കു നല്‍കുന്ന നിരക്കിനേക്കാള്‍ കൂടുതലായാല്‍ കമ്പനിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ നിലവിലുള്ള കുറഞ്ഞ നിരക്കില്‍ തന്നെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി നിലനില്‍ക്കുന്നിടത്തോളം കാലം തുടര്‍ന്നും നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും, എച്ച്.എന്‍.എല്ലിനെ കേന്ദ്ര പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിനോ, അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.