Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായില്ല
27/09/2016
വൈക്കം ടൗണിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ മുന്‍ഭാഗം അടഞ്ഞനിലയില്‍

വൈക്കം: നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങുന്നു. ഇതു നടപ്പില്‍ വരുത്തേണ്ടവര്‍ കാണിക്കുന്ന അനാസ്ഥയാണ് പ്രധാന പ്രശ്‌നം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതായാണ് അറിയുന്നത്. ബസ് സ്‌റേറാപ്പുകള്‍ പുന:ക്രമീകരിക്കുക, വണ്‍വേകളിലും പാര്‍ക്കിംഗ് നിരോധന മേഖലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിവയെല്ലാം പരിഷ്‌കാരത്തിലുള്ളതാണ്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായില്ല.
പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള പ്രധാന നിര്‍ദ്ദേശം ദളവാക്കുളം ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതായിരുന്നു. ഇവിടെനിന്നു വേണം ബസുകള്‍ സര്‍വീസ് ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും. നഗരത്തില്‍ സര്‍വീസ് തീരുന്ന ബസുകള്‍ പടിഞ്ഞാറേനട, ബോട്ട്‌ജെട്ടി, പഴയ ബസ് സ്‌ററാന്റ് എന്നിവിടങ്ങളില്‍ യാത്രക്കാരെ ഇറക്കി ലിങ്ക് റോഡ് വഴി ദളവാക്കുളത്ത് എത്തണം. ദളവാക്കുളത്തു നിന്ന് സര്‍വീസ് തുടങ്ങുന്ന ബസുകള്‍ തെക്കേനട, പടിഞ്ഞാറേനട, പഴയ പ്രൈവററ് ബസ് സ്‌ററാന്‍ഡ് വഴി പോകണം. ഒരു സ്റ്റോപ്പിലും അധികനേരം ബസുകള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇതു നടപ്പിലാക്കാന്‍ ഇതുവരെ വാഹനവകുപ്പിനും പോലീസിനും കഴിഞ്ഞിട്ടില്ല. പടിഞ്ഞാറേനട മുതല്‍ ഇപ്പോഴത്തെ സ്‌ററാന്റ് വരെ ബസുകള്‍ ഇഴഞ്ഞാണ് പോകുന്നത്. ഇതു രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. പോലീസ് സ്റ്റേഷന്‍ പോലും ഇതുമൂലം വലയുന്നു. വലിയകവലയിലും ദീര്‍ഘനേരം ബസുകള്‍ നിര്‍ത്തിയിടുന്നത് വലിയ ബ്ലോക്കാണ് സൃഷ്ടിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് നഗരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും ഹോം ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കൊന്നും നിയന്ത്രിക്കാന്‍ പററുന്ന കാര്യങ്ങളല്ല ഉള്ളത്. വൈക്കത്തെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജനങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാഹനവകുപ്പിനു പരിഹാരമുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒന്നും നടന്നില്ല. രാവിലെ സമയങ്ങളില്‍ കൊച്ചുകവല റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കൊച്ചുകവല മേഖലയിലുള്ള സ്‌ക്കൂളുകളിലേക്ക് പോകുവാന്‍ സൈക്കിളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത് തലനാരിഴക്കാണ്. സ്‌ക്കൂള്‍ ബസും മററ് വാഹനങ്ങളുമെല്ലാം നാല് ദിശകളില്‍ നിന്ന് ഒരുപോലെയെത്തുന്നതാണ് പ്രധാനപ്രശ്‌നം. ഇവിടെ ഹോം ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കുരുക്കില്‍ ഗാര്‍ഡ്‌പോലും വട്ടംകറങ്ങുന്ന അവസ്ഥയാണ്. ഈ വിഷയത്തില്‍ പോലീസ്, വാഹനവകുപ്പ്, പൊതുമരാമത്ത്, നഗരസഭ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.