Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം കഴിഞ്ഞിട്ടും കോല്‍ക്കളിയുടെ ആവേശം മാറാതെ തോട്ടകം ഗ്രാമം
26/09/2016
വൈക്കം തോട്ടകം പൂന്തുരുത്ത് സഹോദരന്‍ അയ്യപ്പന്‍ കുടുംബയൂണിററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോല്‍ക്കളി.

വൈക്കം: ഓണം കഴിഞ്ഞിട്ടും കോല്‍ക്കളിയുടെ ആവേശം മാറാതെ തോട്ടകം ഗ്രാമം വാവ ആശാന്റെ പാട്ടിന്റെ താളത്തില്‍ ആറാടുകയാണ്. പരമ്പരാഗത കലകളില്‍ പ്രധാനമായ കോല്‍ക്കളി ഇന്ന് അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഓണം കഴിഞ്ഞും ഇതിന്റെ ആവേശം നിലനിര്‍ത്തുവാന്‍ പന്ത്രണ്ടോളം വരുന്ന വീട്ടമ്മമാരുടെ കൂട്ടായ്മയാണ് ഈ കലയെ പരിപോഷിപ്പിക്കുന്നത്. ഇവരുടെ ചുവടുകളും ആശാന്റെ താളവും വൈക്കവും കീഴടക്കി മററുമേഖലകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 77 വയസ്സ് പിന്നിടുന്ന വാവ ആശാന് ഇപ്പോള്‍ ഏകദേശം 750തിലധികം ശിഷ്യഗണങ്ങളുണ്ട്. ആശാന്‍ എപ്പോള്‍ വിളിച്ചാലും കേരളത്തിന്റെ ഏതുമുക്കിലും മൂലയിലും കോല്‍ക്കളിയുടെ വിസ്മയം തീര്‍ക്കുവാന്‍ അവര്‍ തയ്യാറാണ്. ഒടുവിലെത്തിയ ശിഷ്യഗണങ്ങളാണ് പന്ത്രണ്ടോളം വരുന്ന വീട്ടമ്മമാമാര്‍. രണ്ട് മാസത്തെ പരിശീലനത്തിലൂടെയാണ് ഇവര്‍ കോല്‍ക്കളി അഭ്യസിച്ചത്. തന്റെ ഏററവും മികച്ച ശിഷ്യസമ്പത്താണ് ഇവരെന്ന് വാവ ആശാന്‍ അടിവരയിടുമ്പോള്‍ അവരുടെ മുഖത്തുതെളിയുന്ന പുഞ്ചിരി ആശാനെപ്പോലും അതിശയിപ്പിക്കുന്നു. തൊഴിലുറപ്പ് പണിയെടുക്കുന്ന വീട്ടമ്മമാര്‍ ആശാന്റെ പാട്ടില്‍ ആകൃഷ്ടരായാണ് കോല്‍ക്കളിയുടെ താളം പിടിക്കാന്‍ എത്തുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെല്ലാം നിരവധി ബുക്കിംഗ് ആണ് ഇവരെത്തേടി എത്തിയിരിക്കുന്നത്. മിനി മധു, ഉഷ ഹരിയപ്പന്‍, രമ ലക്ഷ്മണന്‍, അജിത ധനേശന്‍, ഷീല പ്രസന്നന്‍, അജിത ബാബു, സുധാ സാബു, ഷൈററി പ്രമില്‍, അംബിക, ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് കോല്‍ക്കളിയുടെ മുന്നേററം. ഓണനാളില്‍ ഇവരുടെ വിസ്മയം റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതായിരുന്നു. വൈക്കത്തിന്റെ സമസ്തമേഖലകളിലും ആശാനും ശിഷ്യഗണങ്ങളും കോല്‍ക്കളി അവതരിപ്പിക്കാന്‍ ഓട്ടപ്പാച്ചിലിലൂടെയാണ് എത്തിയത്. വരുംതലമുറയ്ക്ക് ഓര്‍ത്തുവെക്കാന്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു പരമ്പരാഗത കലയെ സമ്പുഷ്ടമാക്കിയതിന്റെ നിര്‍വൃതിയിലാണ് ആശാനും ശിഷ്യഗണങ്ങളും.