Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ ഭരണത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പരിഹാസ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്
21/09/2016

വൈക്കം: നഗരസഭാ ഭരണത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പരിഹാസ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നികുതികളും ലൈസന്‍സുകളും നടപ്പിലാക്കാതെ വരുമാന മാര്‍ഗ്ഗങ്ങള്‍ നിഷ്‌ക്രിയമാക്കി ലക്ഷകണക്കിന് രൂപയാണ് ഇവര്‍ പിരിച്ചെടുക്കാതെ നഗരസഭയ്ക്ക് നഷ്ടപ്പെടുത്തിയത്. ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ നിരവധി മുറികള്‍ ഒരുവിധ രേഖകളുമില്ലാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയററര്‍, ലാബോറട്ടറി, ജനറേററര്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനാകാതെ കിടക്കുന്നു. തീരദേശനിയമങ്ങള്‍ പാലിക്കാതെയാണ് യൂ ഡി എഫ് ഭരണം ഇവയെല്ലാം നിര്‍മ്മിച്ചത്. വഴിവിളക്കുകള്‍ തെളിക്കാന്‍ ഒന്നരലക്ഷം രൂപയാണിവര്‍ മാററി വച്ചിരുന്നത്. മാലിന്യസംസ്‌ക്കരണത്തിന് ഒരു പദ്ധതിയും ഇവര്‍ നടപ്പിലാക്കിയില്ല. കൗണ്‍സിലര്‍ സ്ഥാനം ഉപയോഗിച്ച് നഗരസഭയുടെ കെട്ടിടങ്ങള്‍ അനധികൃതമായി കൈവശം വച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ലോഡ്ജിലെ കസേരകളും ബഡ്ഡുകളും മേശകളും വരെ ഇക്കൂട്ടര്‍ കടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നഗരത്തെ തകര്‍ത്തു തരിപ്പണമാക്കിയവരാണ് യാതൊരു നാണവുമില്ലാതെ മാസങ്ങള്‍ പിന്നിട്ട ഇടതുപക്ഷ ഭരണത്തിനെതിരെ വാചകമടിക്കുന്നത്. ജങ്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാലിന്യ സംസ്‌ക്കരണം, ജൈവപച്ചക്കറി കൃഷി, കുടുംബശ്രീ തൊഴില്‍ സംരംഭങ്ങള്‍, പാര്‍ക്ക് നവീകരണം, ബീച്ച് ബ്യൂട്ടിഫിക്കേഷന്‍, താലൂക്ക് ആശുപത്രി മാസ്റ്റര്‍ പ്ലാന്‍, വഴിവിളക്കുകള്‍ തെളിക്കുന്നതിന് സമഗ്രപദ്ധതി ഇവയുമായി പുതിയ കൗണ്‍സില്‍ മുന്നോട്ടു പോകുന്നതില്‍ വിളറിപൂണ്ടാണ് ഇക്കൂട്ടര്‍ നുണപ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങള്‍ ഈ വാസ്തവ വിരുദ്ധ പ്രചാരണങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.