Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന കാലം മുതല്‍ തന്നെ കേരളത്തെ പുതിയ യുഗത്തിലേക്ക് അടയാളപ്പെടുത്തിയ മഹാനായിരുന്നു ശ്രീ നാരായണഗുരുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്.
17/09/2016

വൈക്കം: നവോത്ഥാന കാലം മുതല്‍ തന്നെ കേരളത്തെ പുതിയ യുഗത്തിലേക്ക് അടയാളപ്പെടുത്തിയ മഹാനായിരുന്നു ശ്രീ നാരായണഗുരുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തിയ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ആശ്രമം സ്‌ക്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജഡമായിരുന്ന സമൂഹത്തെ ഗുരു പരിവര്‍ത്തിപ്പിച്ചു. മതാതീതമായ ആത്മീയതയാണ് അദ്ദേഹം ഉയര്‍ത്തിയത്. ശ്രീനാരായണഗുരു ഹിന്ദുസന്യാസിയല്ല; ആത്മീയഗുരുവാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഏതെങ്കിലും ഒരു മതത്തിന്റെ വക്താവായിരുന്നില്ല. ഭൂതകാലത്തെ പുനര്‍വ്യാഖ്യാനം ചെയ്തു തെററിദ്ധാരണ പടര്‍ത്തുകയാണ് ചിലര്‍. വാമനവിഭാഗമെന്നും മഹാബലി വിഭാഗമെന്നും തര്‍ക്കം നടക്കുകയാണ്. ഓണത്തെ സംബന്ധിച്ചുള്ള കഥകള്‍ ചരിത്രസംഭവമല്ല; ഐതീഹ്യം മാത്രമാണ്. വാമനജയന്തി പോലുള്ള ആഘോഷങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ നവോത്ഥാന പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വമാനവികതയുടെ പ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. നമ്മുടെ സമൂഹത്തെ മാററിമറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നോക്ക വിഭാഗത്തെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ ഗുരുവിനു കഴിഞ്ഞു. മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍ അദ്ദേഹം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. ഗുരു അരുതെന്നു പറഞ്ഞ പലതും തിരിച്ചുകൊണ്ടുവരാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വാമനന്‍ സവര്‍ണ മേധാവിത്വത്തിന്റെ പ്രതീകമാണ്. സനാതന ധര്‍മത്തിന്റെ ആളുകളാണ് വാമനനെ മഹത്വവല്‍ക്കരിച്ച് വര്‍ണാശ്രമ വ്യവസ്ഥിതി തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും പി.തിലോത്തമന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജോസ് കെ.മാണി എം.പി ചതയദിന സന്ദേശം നല്‍കി. സാമൂഹ്യക്ഷേമനിധി വിതരണം സി.കെ ആശ എം.എല്‍.എയും, സമ്മാനദാനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, യോഗം ബോര്‍ഡ് മെമ്പര്‍മാരായ പി.പി സന്തോഷ്, രാജേഷ് മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ രാജേഷ് തടത്തില്‍, വി.ഡി സുനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍, ടി.എസ് ബൈജു, കെ.വി പ്രസന്നന്‍, എസ്.കെ സജി, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് മണി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.