Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ സഹകരണസംഘങ്ങള്‍ പ്രതിസന്ധിയില്‍
16/09/2016

വൈക്കം: കേരളത്തിന്റെ തനതു പരമ്പരാഗത വ്യവസായങ്ങളില്‍ പ്രഥമ സ്ഥാനമുണ്ടായിരുന്ന ഒന്നാണ് കയര്‍ വ്യവസായം. ഈ വ്യവസായം ആരംഭിച്ച കാലം മുതല്‍ തന്നെ ഈ മേഖലയില്‍ പണിയെടുത്തു വന്നിരുന്ന തൊഴിലാളികള്‍ സ്വകാര്യ മുതലാളിമാരുടെ കൊടിയ ചൂഷണത്തിന് വിധേയരായിരുന്നു. കയര്‍ തൊഴിലാളികള്‍ കേരളത്തിന്റെ സാമൂഹ്യപുരോഗതിയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. ചൂഷണത്തിന് വിധേയരായവരെ അതില്‍ നിന്നു മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ആദ്യസര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ ആരംഭിച്ചു. അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കയര്‍ സംഘങ്ങള്‍ രൂപീകരിച്ചു. തൊഴിലാളികളെ ഈ സംഘങ്ങളില്‍ അംഗങ്ങളാക്കുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാരുകള്‍ പദ്ധതികളും ആവിഷ്‌കരിച്ചു. എന്നാല്‍ കുത്തകമുതലാളിമാരുടെ ഇടപെടല്‍ മൂലം തൊഴിലാളികളെ കാര്യമായ പുരോഗതിയിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കയര്‍ സംഘങ്ങള്‍ ആദ്യകാലത്ത് കേരളത്തിലെ കൊപ്ര വ്യവസായ മേഖലയില്‍ നിന്ന് സംഘത്തിന് ആവശ്യമുള്ള തൊണ്ട് നേരിട്ട് സംഭരിച്ച് അഴുക്കി തൊഴിലാളികള്‍ തന്നെ തല്ലി ചകിരിയാക്കുന്ന സമ്പ്രദായമായിരുന്നു ദീര്‍ഘമായ കാലയളവില്‍ നിലനിന്നിരുന്നത്. ഇപ്രകാരം തൊണ്ടഴുകുന്നതിന് ഓരോ കയര്‍ സഹകരണ സംഘത്തിനും അവരുടെ മൂലധനത്തില്‍നിന്ന് തുക ചെലവഴിച്ച് കേരളത്തിലെ നദീതീരങ്ങളിലെല്ലാം ഏക്കര്‍ കണക്കിന് ഭൂമിവാങ്ങി അവിടെയെല്ലാം പടവുകള്‍ (കുഴികള്‍) നിര്‍മിച്ചാണ് തൊണ്ട് അഴുക്കിക്കൊണ്ടിരുന്നത്. ഈ സമ്പ്രദായം പാടേ നിലക്കുകയും, കയര്‍ വ്യവസായത്തിലെ പ്രതിസന്ധി കയര്‍ സഹകരണ സംഘങ്ങളെയും ബാധിച്ചതോടെ ഏതാണ്ട് പൂര്‍ണമായ തകര്‍ച്ചയുടെ വക്കില്‍ എത്തുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കയര്‍ സഹകരണ സംഘങ്ങള്‍ തമിഴ് നാട്ടിലെ പല മേഖലകളില്‍ നിന്നും പച്ചത്തൊണ്ടില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ചകിരി കേരളത്തില്‍ എത്തിച്ചാണ് മൃതപ്രായമായ കയര്‍ വ്യവസായം അന്യം നിന്നുപോകാതെ കുറെയൊക്കെ നിലനിറുത്തുന്നത്.
കയര്‍ വ്യവസായ സഹകരണ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്നും ചെലവഴിച്ചു വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഓരോ സംഘത്തിന്റെയും തൊണ്ടഴുക്കി വന്നിരുന്ന ഭൂമികള്‍ സംസ്ഥാനമൊട്ടാകെ സ്വകാര്യവ്യക്തികളും മററും കയ്യേറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ ഭൂമികള്‍ കൊണ്ടു സഹകരണ സംഘങ്ങള്‍ക്ക് യാതൊരു ഗുണവും ഇല്ലെന്നുമാത്രമല്ല പൊതുമുതല്‍ അന്യാധീനപ്പെട്ടുപോകുന്ന സാഹചര്യവും സംജാതമായിരിക്കുകയാണ്.
സാമ്പത്തികഞെരുക്കം മൂലം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ യാതൊരു മാര്‍ഗവുമില്ലാതെ സംഘം ഭരണസമിതികള്‍ വഴിമുട്ടി നില്‍ക്കുകയാണ്. പ്രയോജനരഹിതമായി കിടക്കുന്ന ഈ ഭൂമികള്‍ വില്‍ക്കുവാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ ഇപ്പോഴത്തെ ഈ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കയര്‍ സംഘങ്ങള്‍ കുറച്ചു പരോഗതിയിലേക്ക് വരുന്നതിന് സഹായകരമാകും. അതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തോട്ടം വ്യവസായ മേഖലയിലെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കുത്തകമുതലാളിമാര്‍ കയ്യടക്കിയതുപോലെ കയര്‍ സംഘങ്ങളുടെ ഭൂമിയും കാലക്രമത്തില്‍ അന്യര്‍ കൈയ്യടക്കുമെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാകാന്‍ അധികകാലം വേണ്ടി വരില്ല.