Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും നിറവില്‍ വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു.
13/09/2016
വൈക്കം കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖ്‌വാന്‍ സലഫി മസ്ജിദില്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തെ തുടര്‍ന്ന് ഇമാം മന്‍സൂര്‍ മൗലവി പ്രഭാഷണം നടത്തുന്നു

വൈക്കം: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും നിറവില്‍ വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. ഭീകരവാദികള്‍ മാനവികതയുടെ ശത്രുക്കളാണെന്ന് കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖ്‌വാന്‍ സലഫി മസ്ജിദ് ഇമാം മന്‍സൂര്‍ മൗലവി പറഞ്ഞു. സലഫി മസ്ജിദില്‍ ബലി പെരുന്നാള്‍ നമസ്‌കാരാനന്തരം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരപരാധിയായ ഒരു മനുഷ്യനെ അക്രമിക്കുന്നത് മനുഷ്യകുലത്തെ മുഴുവന്‍ അക്രമിക്കുന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച ഇസ്‌ലാം എല്ലാത്തരത്തിലുള്ള അക്രമങ്ങള്‍ക്കും എതിരാണ്. എന്നിട്ടും ഇസ്‌ലാമിന്റെ പേരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയാണ്. ഇത് മതത്തിനന്യമാണ്. ഇസ്‌ലാം ശാന്തിയും സമാധാനവും സ്‌നേഹവുമാണ് പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ പൊതുസമൂഹമധ്യത്തില്‍ ഭീകരതയോടു ചേര്‍ക്കുന്നതിനുള്ള ഗുഢനീക്കങ്ങളാണ് മുസ്‌ലിം നാമധാരികളുള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് ചെറുത്തുതോല്‍പിക്കുന്നതിന് ഓരോ വിശ്വാസിയും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അയല്‍പ്പക്ക ബന്ധവും മാനവസൗഹൃദവും കാത്തുസൂക്ഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും മന്‍സൂര്‍ മൗലവി കൂട്ടിച്ചേര്‍ത്തു. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവ. യുപി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കി. ഇരുസ്ഥലങ്ങളിലും സ്ത്രീകളും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കുകൊണ്ടു. മഴമൂലം ഈദ് ഗാഹ് ഒഴിവാക്കിയിരുന്നു.
വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ഷെഫീഖ് മനാരി അല്‍ ക്വാസിമി നേതൃത്വം നല്‍കി. വെച്ചൂര്‍ ജുമാമസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ കബീര്‍ മൗലവി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷെമീര്‍ ബാഖവി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്ഫുദ്ദീന്‍ സെയ്‌നി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടത്ത് നിസാര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം മൗലവി, മിഠായിക്കുന്നത്ത് മുഹമ്മദലി ഫൈസി, വെള്ളൂരില്‍ സുബൈര്‍ മദനി, എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സുലൈമാന്‍ ജൗഹരി, മാന്നാര്‍ ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റസാഖ് ബാഖവി എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. പെരുന്നാള്‍ നമസ്‌കാരത്തില്‍ ഓരോ പള്ളികളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നമസ്‌കാരശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കലും നടന്നു.