Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം പടിവാതില്‍ക്കല്‍ എത്തിയതോടെ നഗരം തിരക്കില്‍ അമര്‍ന്നു.
12/09/2016

വൈക്കം : ഓണം പടിവാതില്‍ക്കല്‍ എത്തിയതോടെ നഗരം തിരക്കില്‍ അമര്‍ന്നു. ഇത്തവണ ഓണവും ബക്രീദും ഒന്നിച്ചെത്തിയതുമൂലം തുണിക്കടകളിലും, പൂക്കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കു നിയന്ത്രിക്കാന്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ഹോംഗാര്‍ഡുകളും, പോലീസുമെല്ലാം ഉണ്ടെങ്കിലും ഇവരെക്കൊണ്ട് ഒന്നും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു തിരക്ക്. വഴിയോരങ്ങളില്‍ താല്ക്കാലിക തട്ടുകള്‍ സ്ഥാപിച്ച് ഷര്‍ട്ടും, പൂവും വില്‍പ്പന നടത്തിയവര്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. പരമ്പരാഗത മേഖലകളിലെ പ്രതിസന്ധിക്കിടയിലും അഷ്ടമിയെ വെല്ലുന്ന ആള്‍കൂട്ടമാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. ഉപ്പേരി വിപണിയിലും തീവില അതിജീവിച്ച് വന്‍ കച്ചവടമാണ് നടന്നത്. കായ് വറുത്തത്, ശര്‍ക്കര വരട്ടി, ചീട എന്നിവയ്ക്കായിരുന്നു ഏറെ ഡിമാന്‍ഡ്. പലകടകളിലും തോന്നും വിലയാണ് ഉപ്പേരികള്‍ക്ക് ഈടാക്കുന്നത്. ഏത്തക്കയുടെ വില തോന്നുംപടിയാണ്. 60 രൂപ മുതല്‍ 80 രൂപ വരെ ഈടാക്കുന്ന കടകളുണ്ട്. നഗരത്തിലെ ഒരു കടയില്‍ 70 രൂപയ്ക്ക് കൊടുക്കുന്ന ഏത്തക്ക ഗ്രാമീണ മേഖലകളിലേക്കെത്തിയാല്‍ 50 കടക്കുന്നു. വില വര്‍ദ്ധനവിനെക്കുറിച്ച് ചോദിച്ചാല്‍ ഉടന്‍ മറുപടി എത്തും. ഇത് നാടനാണ്; വില കുറഞ്ഞത് പാണ്ടിയാണെന്നും. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഓണം ഉത്സവത്തെ വരവേല്‍ക്കാന്‍ റേഷന്‍കടകളിലേക്കും ആളുകള്‍ ഒഴുകിയെത്തുന്നുണ്ട്. കുടുംബശ്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി വിപണന കേന്ദ്രങ്ങളിലും നല്ല തിരക്കാണ്. ഏത്തയ്ക്കാ, പാവക്ക, വലിയ നാരങ്ങ എന്നിവക്കായിരുന്നു ഏറെ ആവശ്യക്കാര്‍. പച്ചക്കറികള്‍ക്കൊന്നും വലിയ വിലയില്ലാത്തത് പച്ചക്കറി വിപണിയെ സജീവമാക്കുന്നുണ്ട്. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം മുതല്‍ കച്ചേരിക്കവല വരെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതാണ് ഏറെ പ്രശ്‌നം. വരുംദിവസങ്ങളില്‍ മണ്‍പാത്രങ്ങളുടെ വില്‍പനയും വിപണിയെ സജീവമാക്കും. മാവേലിയും തൃക്കാക്കരയപ്പനുമെല്ലാം കളിമണ്‍കരുത്തില്‍ വിശ്വാസികളുടെ മനം നിറക്കും.