Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപ്പാതയും വഴിവിളക്കുമില്ല
10/09/2016
തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വെട്ടിക്കാട്ട്മുക്ക് പാലം

തലയോലപ്പറമ്പ് : വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന തലയോലപ്പറമ്പ് എറണാകുളം റോഡിലെ വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നടപ്പാതയും വഴിവിളക്കുമില്ലാത്തത് വലിയ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലുമെല്ലാം വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരുന്നു നടപ്പാത നിര്‍മാണം. വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നടപ്പാത നിര്‍മാണത്തിനു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്നു പറയാന്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ മാത്രം ഇനിയും ആരംഭിച്ചിട്ടില്ല. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്തി ജനങ്ങളെ കബളിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇപ്പോള്‍ പടിക്കുപുറത്തായിരിക്കുകയാണ്. നടപ്പാത നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചെന്നു പറഞ്ഞ് ബോര്‍ഡ് നിരത്തിയതിനെത്തുടര്‍ന്ന് തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകള്‍ സര്‍ക്കാരില്‍ അന്വേഷിച്ചപ്പോള്‍ ഇതേക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോട്ടയം-എറണാകുളം റോഡിലെ ഏററവും തിരക്കേറിയ പാലങ്ങളിലൊന്നാണ് വെട്ടിക്കാട്ടുമുക്ക്. സ്വകാര്യ ലിമിററഡ് സ്‌റേറാപ്പ് ബസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ ചീറിപ്പായുന്നത്. രണ്ടു വാഹനങ്ങള്‍ ഒരുമിച്ച് പോകാന്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളില്‍ക്കൂടി പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നു. അമിത വേഗതയില്‍ വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ ഭാഗ്യംകൊണ്ടാണ് പലപ്പോഴും രക്ഷപ്പെടുന്നത്. പാലത്തിന്റെ പൈപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെന്നിവീണ് അപകടത്തില്‍പ്പെടുന്നത് പതിവാണ്. ദിവസേന രണ്ടു പേരെങ്കിലും നടപ്പാതയുടെ അഭാവത്തില്‍ അപകടത്തില്‍പ്പെടാറുണ്ട്. മഴക്കാലത്ത് പാലത്തിലൂടെയുള്ള കാല്‍നടയാത്ര ഏറെ ദുരിതപൂര്‍ണമാണ്. വടകര, വെട്ടിക്കാട്ടുമുക്ക് മേഖലകളില്‍ നിന്ന് നൂറുകണക്കിനു കുട്ടികളാണ് പാലത്തില്‍ക്കൂടി കാല്‍നടയാത്ര ചെയ്തു വെള്ളൂരിലേക്ക് പോകാനെത്തുന്നത്. എം.എല്‍.എ, എം.പി, ന്യൂസ്പ്രിന്റ് ഫാക്ടറി എന്നിവരുടെയെല്ലാം സഹകരണം കൂടി ഇതില്‍ ഉറപ്പുവരുത്തി പാലത്തില്‍ നടപ്പാതയും വഴിവിളക്കും യാഥാര്‍ത്ഥ്യമാക്കണമെന്നതാണ് ജനകീയ ആവശ്യം. ഇതിനുമുന്‍കയ്യെടുക്കാന്‍ വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ രംഗത്തുവരണം.