Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോസ്‌ററുകള്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഇന്നും കടലാസില്‍
09/09/2016
വൈക്കത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ബോട്ടുജെട്ടി റോഡില്‍ സ്ഥാപിച്ച പോസ്‌ററ്.

വൈക്കം: നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോസ്‌ററുകള്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഇന്നും കടലാസില്‍ തന്നെ. 2013 ആഗസ്‌ററ് 15 മുതല്‍ നഗരം നിരീക്ഷണ ക്യാമറകളുടെ നോട്ടത്തിലായിരിക്കുമെന്നു പറഞ്ഞ് നാടിന്റെ മുക്കിലും മൂലയിലും അറിയിപ്പുകള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച പോസ്‌ററുകള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എറണാകുളം കവല, വടക്കേനട, പടിഞ്ഞാറേനട, കച്ചേരിക്കവല, ബോട്ടുജെട്ടി എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ പോസ്‌ററുകള്‍ സ്ഥാപിച്ചത്. പോസ്‌ററുകള്‍ സ്ഥാപിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് വൈക്കത്തെ പോലീസുകാര്‍ ഇപ്പോഴും പറയുന്നത്. ഡി.വൈ.എസ്.പി ഓഫീസ് യാഥാര്‍ത്ഥ്യമായപ്പോള്‍ ഇതിനുമാററമുണ്ടാകുമെന്ന് പ്രതീതി ഉയര്‍ന്നിരുന്നു. ക്യാമറകള്‍ ഉപയോഗപ്രദമായാല്‍ നഗരത്തിന് ശാപമായിക്കൊണ്ടിരിക്കുന്ന സെക്‌സ്, മയക്കുമരുന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പരിധിവരെ വലക്കുള്ളിലാക്കാന്‍ സാധിക്കും. ബോട്ടുജെട്ടി, ബീച്ച്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്ന സംഘങ്ങളെ കുടുക്കാന്‍ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായാല്‍ സാധിക്കും. വടക്കേനട മുതല്‍ ബോട്ടുജെട്ടി വരെയുള്ള റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ചില സമയങ്ങളില്‍ ആംബുലന്‍സ്, പോലീസ് വാഹനങ്ങള്‍ എന്നിവയെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു. വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്ത് കറങ്ങിനടക്കുന്നവരെയും ക്യാമറകളില്‍ കുടുക്കാന്‍ സാധിച്ചേക്കും. വൈക്കത്തിന്റെ ഉത്സവമായ അഷ്ടമി വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ ക്യാമറയുടെ സാധ്യതകള്‍ ഏറെ ആവശ്യമായിക്കൊണ്ടിരിക്കുകയാണ്. അഷ്ടമി നാളുകളില്‍ അഴിഞ്ഞാടുന്ന സാമൂഹിക വിരുദ്ധന്മാര്‍ പലപ്പോഴും പോലീസിനും, ഉത്സവത്തിനെത്തുന്നവര്‍ക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നു. ഇവരെല്ലാം ഇരുളിന്റെ മറവില്‍നിന്നാണ് കരുക്കള്‍ നീക്കുന്നത്. പോലീസ് എത്തുമ്പോള്‍ അഴിഞ്ഞാടുന്നവര്‍ കടന്നുകളയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും, മോഡേണ്‍ ബൈക്കുകളില്‍ പായുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതത്തിന് വലിയ ഭീഷണിയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ദിനംപ്രതി ഇവര്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അമിതവേഗം രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനാണ് കവര്‍ന്നെടുത്തത്. പോലീസ് സ്റ്റേഷനുമൂക്കിനുതാഴെ പായുന്ന ബൈക്കുകള്‍ പോലും ഇവരുടെ കണ്ണില്‍പ്പെടാതെ രക്ഷപെടുന്നു. സര്‍ക്കാര്‍ തലത്തിലുണ്ടായ മാററം ഉപയോഗപ്പെടുത്തി എം.എല്‍.എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. ഇതിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ അനിവാര്യമാണ്.