Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം അതിരൂക്ഷമാകുന്നു
10/11/2015
താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം അതിരൂക്ഷമാകുന്നു. ഇതുമൂലം ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലാകുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെപ്പോലും ഡോക്ടര്‍മാരുടെ ക്ഷാമം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവാണ് ആശുപത്രി നേരിടുന്ന ഏററവും വലിയ വെല്ലുവിളി. ഇരുപതിലധികം ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ എട്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തുന്ന അയിരക്കണക്കിന് രോഗികളെ പരിശോധിക്കുന്നതിന് നിലവില്‍ രണ്ട് പേര്‍ മാത്രമാണുള്ളത്. കുട്ടികളുടെ വിഭാഗമുള്‍പ്പെടെ വളരെ പ്രധാനപ്പെട്ട വിഭാഗങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാണ്. ഇന്നലെ റൗണ്ട്‌സിന് എത്താന്‍പോലും ഡോക്ടര്‍മാര്‍ ഏറെ വൈകി. മൂന്ന് ദിവസം മുന്‍പ് അഡ്മിററ് ചെയ്ത മൂന്നര മാസം പ്രായമുള്ള കുട്ടിയെ പരിശോധിക്കാന്‍ ഒരിക്കല്‍പോലും ഡോക്ടര്‍ വരാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇവിടെ നടത്തുന്ന ഒരു വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകില്ല. മിക്കദിവസങ്ങളിലും പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച് ഡോക്ടര്‍മാരെ കാണാന്‍ ക്യൂ നില്‍ക്കുന്ന രോഗികള്‍ അവശനിലയില്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍പോലും ഇവിടെയുണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ രോഗികള്‍ മടങ്ങിപ്പോകുന്നു. ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയാല്‍ പിന്നെയും നിഴലിക്കുന്നത് ബുദ്ധിമുട്ടുകളാണ്. മരുന്ന് വാങ്ങാനും ഏറെനേരം കാത്തുനില്‍ക്കണം. ഇന്‍ജക്ഷന്‍ എടുക്കണമെങ്കിലും കാത്തിരിപ്പ് ഏറെയാണ്. ചിലദിവസങ്ങളില്‍ രോഷാകുലരാകുന്ന രോഗികള്‍ ആശുപത്രി ജീവനക്കാര്‍ക്കുനേരെ ബഹളം വെക്കാറുണ്ട്. വിഷയത്തില്‍ ജീവനക്കാരും നിസ്സഹായരാണ്. കാരണം ഇപ്പോഴുള്ള ജീവനക്കാരുടെ കണക്കുപ്രകാരം തീരാവുന്നതല്ല ഇവിടത്തെ പ്രശ്‌നങ്ങള്‍. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ജോലി നോക്കേണ്ട കണക്കിലുള്ള ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ജില്ലയില്‍ ഒരു ദിവസം ഏററവുമധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയാണിത്. എന്നാല്‍ മററ് പല സ്ഥലങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയുമെല്ലാം കുറവുകള്‍ അതിവേഗം നികത്തപ്പെടുമ്പോള്‍ ഇവിടെ മാത്രം ഒഴിവാക്കപ്പെടുന്നു. ആശുപത്രി നേരിടുന്ന മറെറാരു പ്രധാനപ്രശ്‌നം കുടിവെള്ളമാണ്. കുടിവെള്ളമില്ലാത്ത ഏകതാലൂക്ക് ആശുപത്രിയായിരിക്കും ഇത്. പൈപ്പുകളില്‍ വെള്ളമെത്തുന്നുണ്ടെങ്കിലും മലിനജലമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. വൈദ്യുതി പ്രശ്‌നങ്ങളും ഏറെയാണ്. ആശുപത്രിയില്‍ സുരക്ഷയൊരുക്കേണ്ട സെക്യൂരിററി ജീവനക്കാരുടെ എണ്ണവും വളരെ കുറവാണ്. താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും മററ് അനുബന്ധ ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസും ബന്ധപ്പെട്ട അധികാരികളും ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടറി പി.പ്രദീപ്, മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, ജി.ജയേഷ്, അര്‍ജുന്‍ എന്നിവര്‍ പ്രസംഗിച്ചു.