Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാന്താരി ഇന്ന് വിപണിയിലെ റാണി
05/09/2016

വൈക്കം: ഒരു കാലത്ത് പുരയിടങ്ങളിലും വെളിമ്പറമ്പുകളിലും വേലിയുടെ ഇടകളിലും തനിയെ കിളിര്‍ത്ത് വളര്‍ന്നിരുന്ന കാന്താരി ഇന്ന് വിപണിയിലെ റാണിയാണ്. പച്ചക്കറി വിപണിയിലെ ഏററവും വിലയേറിയ ഭക്ഷ്യവസ്തുവായി കാന്താരി മാറിക്കഴിഞ്ഞു. കറുത്തപൊന്നായി അറിയപ്പെടുന്ന കുരുമുളകിന്റെ വില ഒരു കിലോയ്ക്ക് 670 ആണെങ്കില്‍ ഇത്രയും നാളും ആരും വലിയ ശ്രദ്ധകൊടുക്കാതിരുന്ന കാന്താരിയുടെ വില 750 രൂപ വരെയായി. ഓണക്കാലമെത്തുന്നതോടെ ഇത് 1000 കടക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. തലയോലപ്പറമ്പ്, കുറുപ്പന്തറ, പിറവം, പെരുവ പച്ചക്കറിച്ചന്തകളിലെല്ലാം വില കുതിച്ചുകയറിയിട്ടും കാന്താരിക്ക് ഡിമാന്‍ഡ് ഏറെയാണ്. വിലയെത്രയാണെങ്കിലും വാങ്ങാനെത്തുന്നവര്‍ക്ക് കിട്ടാത്ത അവസ്ഥയാണ്. ഹൃദ്രോഗം, അള്‍സര്‍, പ്രമേഹം, ഷുഗര്‍ എന്നീ രോഗങ്ങള്‍ക്ക് കാന്താരി മുളക് കഴിക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദവും അലോപ്പതിയും അനുശാസിക്കുന്നു. വിലയേറിയതോടെ നാട്ടില്‍പുറങ്ങളിലെല്ലാം വീട്ടമ്മമാര്‍ പരിസരങ്ങളില്‍ കാന്താരി കൃഷി ആരംഭിച്ചിരിക്കുകയാണ്. പച്ച, വെള്ള, റോസ്, വൈലററ് നിറത്തിലുള്ള കാന്താരികളുണ്ട്. ഇതില്‍ പച്ചയ്ക്കും വെള്ളയ്ക്കുമാണ് ഡിമാന്‍ഡ്. ബോള്‍ രൂപത്തിലുള്ള കാന്താരിയുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ കുടുംബശ്രീകളുടേയും അയല്‍ക്കൂട്ടങ്ങളുടേയും നേതൃത്വത്തില്‍ അച്ചാര്‍ വില്‍പ്പന വ്യാപകമായതോടെ കാന്താരി കിട്ടാതായി. കമ്പനികളില്‍ നിന്നും ഇറക്കുന്ന അച്ചാറുകളില്‍ നിന്നും ഏറെ വേറിട്ടുനിര്‍ത്തുന്നത് ഗ്രാമീണ മേഖലകളില്‍ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന അച്ചാറുകളെയാണ്. എറണാകുളം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് വന്‍കിട മാര്‍ക്കററിംഗ് കമ്പനികളാണ് ഗ്രാമീണ മേഖലകളില്‍ നിന്നുള്ള അച്ചാറുകളെ തേടിയെത്തുന്നത്. ഈ അച്ചാറുകളുടെ മുഖ്യചേരുവ കാന്താരിയാണ്. ചെറുനാരങ്ങ, വലിയ നാരങ്ങ, പാവയ്ക്ക, മാങ്ങ അച്ചാറുകളിലെല്ലാം കാന്താരി അഭികാമ്യമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പറമ്പുകളിലെ മററു കാര്‍ഷിക വിളകള്‍ക്ക് പ്രാണിശല്യം ഏല്‍ക്കാതിരിക്കാനാണ് കാന്താരി മുളക് നട്ടുപിടിപ്പിച്ചിരുന്നത്. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം കാര്‍ഷിക വിളകള്‍ തിന്നുനശിപ്പിക്കാന്‍ കീടങ്ങളും പ്രാണികളും എത്തില്ലായിരുന്നു. എന്നാല്‍ ഇടക്കാലത്ത് കാന്താരി മുളക് കണികാണാന്‍ പോലുമില്ലായിരുന്നു. ഇപ്പോള്‍ കാലം മാറി. പറമ്പുകളില്‍ എല്ലാ വിളകളുടേയും ഇടയില്‍ അവശിഷ്ടമായി വസിച്ചിരുന്ന കാന്താരിച്ചെടികള്‍ക്ക് രാജപദവി കൈവന്നിരിക്കുകയാണ്. കുരുമുളക് വിളഞ്ഞ് പാകമാകുമ്പോള്‍ പറിച്ച് വെയിലത്ത് ഉണക്കി സൂക്ഷിക്കുമ്പോഴാണ് വിലയും എരിവും കൂടുന്നത്. എന്നാല്‍ കാന്താരിക്ക് പറിക്കുമ്പോഴേ വിലയും എരിവും കൂടുതലാണ്.