Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ സണ്‍ഡേ മാര്‍ക്കററ്
31/08/2016
തലയോലപ്പറമ്പ് ് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ആരംഭിച്ച സണ്‍ഡേ മാര്‍ക്കററ്.

തലയോലപ്പറമ്പ് : ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ സണ്‍ഡേ മാര്‍ക്കററ് ആരംഭിച്ചു. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച പള്ളി അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക മാര്‍ക്കററില്‍ ഇടവകാംഗങ്ങള്‍ സ്വന്തം പുരയിടത്തില്‍ ഉല്‍പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുന്നതിനും, അവ ന്യായവിലയ്ക്ക് വാങ്ങുന്നതിനും അവസരമുണ്ടാകും. വാഴക്കുല, കപ്പ, ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് പുറമേ വീട്ടുവളപ്പില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളും സണ്‍ഡേ മാര്‍ക്കററിലുണ്ടാകും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യതിരുവിതാംകൂറിലെ ഏററവും വലിയ വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്ന വേലുത്തമ്പി ദളവ സ്ഥാപിച്ച പ്രശസ്തമായ മാര്‍ക്കററും തലയോലപ്പറമ്പിലായിരുന്നു. ചന്തേല്‍പ്പള്ളിയെന്നാണ് അന്ന് മാര്‍ക്കററിലെ ഈ പള്ളി അറിയപ്പെട്ടിരുന്നത്. തലയോലപ്പറമ്പിനടുത്തുള്ള വടയാറില്‍ സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ കൈമാററം ചെയ്തിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായവും അക്കാലഘട്ടത്തില്‍ നിലനിന്നിരുന്നു.
തലയോലപ്പറമ്പ് പള്ളിയില്‍ നടന്ന കാര്‍ഷികമേളയിലാണ് ഇത്തരത്തിലൊരു ചന്ത തുടങ്ങണമെന്ന ആശയമുദിച്ചത്. ഇടവകയിലെ കുടുംബയൂണിററ് കേന്ദ്രസമിതിയുടെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്. കാര്‍ഷികമേളയോടനുബന്ധിച്ച് പഴയകാല കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം, കാര്‍ഷികോല്‍പ്പന്ന വിപണന മേള, കാര്‍ഷിക സെമിനാര്‍ എന്നിവയും ഉണ്ടായിരുന്നു. കാര്‍ഷിക മേള അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. എന്‍.കെ ശശിധരന്‍ ക്ലാസ്സ് നയിച്ചു.
കേരളത്തില്‍ ആദ്യമായാണ് ഒരു ദേവാലയത്തില്‍ സണ്‍ഡേ മാര്‍ക്കററ് ആരംഭിക്കുന്നതെന്ന് ഇടവക വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. ഫാ.ജോണ്‍ തടത്തില്‍, ട്രസ്റ്റിമാരായ ജോസഫ് മണ്ണാര്‍കണ്ടം, ജോര്‍ജ്ജ് നാവംകുളങ്ങര, കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ആന്റണി കളമ്പുകാടന്‍, സെക്രട്ടറി ഷമ്മി ജോര്‍ജ്ജ്, ട്രഷറര്‍ ജോര്‍ജ്ജ് പുത്തന്‍പുരയില്‍, ഷേര്‍ളി വേലിക്കകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.