Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രശേഷിപ്പായി ചുമടുതാങ്ങികള്‍
30/08/2016
ഉദയംപേരൂരില്‍ നിലനില്‍ക്കുന്ന നൂററാണ്ടുകള്‍ പഴക്കമുള്ള ചുമടുതാങ്ങി

വൈക്കം: അധ്വാനിക്കുന്ന ജനവിഭാഗത്തിനു താങ്ങും തണലുമായിരുന്ന ചുമടുതാങ്ങികള്‍ ഇന്ന് ചരിത്രത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്നു. വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് തലയിലും ചുമലിലും ഏററി കൊണ്ടുപോയിരുന്ന ചരക്കുകളും സാധനങ്ങളും ഇറക്കിവയ്ക്കാനും വിശ്രമിക്കാനുമായി ജനക്ഷേമതല്‍പ്പരരായ പഴയ ഭരണാധികാരികള്‍ നിര്‍മ്മിച്ച ചുമടുതാങ്ങികള്‍ ആധുനിക തലമുറയ്ക്ക് പുതുക്കാഴ്ച്ചയാണ്. ഏതു വലിയ ചുമടായാലും തലയിലും തോളത്തും ചുമന്നായിരുന്നു പഴയ കാലത്തുള്ളവരുടെ യാത്ര. ഈ യാത്രക്കിടെ വഴിയോരങ്ങളില്‍ പലയിടത്തും അത്താണികളുണ്ടാകും. അരികിലായി ചുമടുതാങ്ങിയും. അത്താണിയിലെത്തിയാല്‍ ചുമടിറക്കിവച്ച് യാത്രക്കാര്‍ വിശ്രമിക്കും. ദാഹമകററാനുള്ള തണ്ണീര്‍പ്പന്തലുകളും അത്താണിയ്ക്ക് സമീപമുണ്ടാകും. അഞ്ചടിയാണ് ചുമടുതാങ്ങികളുടെ ഉയരം. തലയിലെ ചുമട് പരസഹായം കൂടാതെ ഇറക്കിവയ്ക്കാനും തിരിച്ച് തലയിലേറ്റാനുമുള്ള സൗകര്യത്തിനായിരുന്നു അത്. രണ്ടോ മൂന്നോ വലിയ കരിങ്കല്‍ തൂണുകള്‍ കുഴിച്ചിട്ട് അതിനു മുകളില്‍ നീളത്തിലുള്ള ഒററക്കല്ലുവച്ചാല്‍ ചുമടുതാങ്ങിയായി. വാഹനസൗകര്യം വന്നതോടെ ചുമടുമായുള്ള യാത്രകളും അതോടെ ചുമടുതാങ്ങികളും ഇല്ലാതായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമീണ മേഖലകളില്‍ പലയിടത്തും ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നു. എന്നാല്‍ റോഡു നിര്‍മ്മാണത്തിനും ബഹുനില കെട്ടിടങ്ങള്‍ക്കും വേണ്ടി ചുമടുതാങ്ങികളില്‍ പലതും നശിപ്പിക്കപ്പെട്ടു. പഴയകാലത്തിന്റെ സ്മരണകള്‍ പേറുന്ന ചുമടുതാങ്ങികള്‍ ഇന്ന് അപൂര്‍വ്വ കാഴ്ചയാവുകയാണ്.