Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു.
24/08/2016
ഡോക്ടര്‍മാരുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്ന വൈക്കം താലൂക്ക് ആശുപത്രി

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതുമൂലം ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലാകുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെപ്പോലും ഡോക്ടര്‍മാരുടെ ക്ഷാമം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവാണ് ആശുപത്രി നേരിടുന്ന ഏററവും വലിയ വെല്ലുവിളി. 32 ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ 22 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. എന്നാല്‍ മിക്കദിവസങ്ങളിലും ഇവരില്‍ പലരും അവധിയിലാണ്. ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തുന്ന അയിരക്കണക്കിന് രോഗികളെ പരിശോധിക്കുന്നതിന് ചില ദിവസങ്ങളില്‍ രണ്ട് പേര്‍ മാത്രമാണുള്ളത്. കുട്ടികളുടെ വിഭാഗമുള്‍പ്പെടെ വളരെ പ്രധാനപ്പെട്ട വിഭാഗങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാണ്. സര്‍ജറി, നേത്രവിഭാഗങ്ങളുടെ പ്രവര്‍ത്തനവും സുഗമമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇവിടെ നടത്തുന്ന ഒരു വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധാരണക്കാര്‍ക്ക് ഒരു പ്രയോജനമുണ്ടാകില്ല. മിക്കദിവസങ്ങളിലും പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച് ഡോക്ടര്‍മാരെ കാണാന്‍ ക്യൂ നില്‍ക്കുന്ന രോഗികള്‍ അവശനിലയില്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍പോലും ഇവിടെയുണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ രോഗികള്‍ മടങ്ങിപ്പോകുന്നു. ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയാല്‍ പിന്നെയും നിഴലിക്കുന്നത് ബുദ്ധിമുട്ടുകളാണ്. മരുന്ന് വാങ്ങാനും ഏറെനേരം കാത്തുനില്‍ക്കണം. ഇന്‍ജക്ഷന്‍ എടുക്കണമെങ്കിലും കാത്തിരിപ്പ് ഏറെയാണ്. ചില ദിവസങ്ങളില്‍ രോഷാകുലരാകുന്ന രോഗികള്‍ ആശുപത്രി ജീവനക്കാര്‍ക്കുനേരെ ബഹളം വെക്കാറുണ്ട്. വിഷയത്തില്‍ ജീവനക്കാരും നിസ്സഹായരാണ്. കാരണം ഇപ്പോഴുള്ള ജീവനക്കാരുടെ കണക്കുപ്രകാരം തീരാവുന്നതല്ല ഇവിടത്തെ പ്രശ്‌നങ്ങള്‍. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ജോലി നോക്കേണ്ട കണക്കിലുള്ള ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ജില്ലയില്‍ ഒരു ദിവസം ഏററവുമധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയാണിത്. എന്നാല്‍ മററ് പല സ്ഥലങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയുമെല്ലാം കുറവുകള്‍ അതിവേഗം നികത്തപ്പെടുമ്പോള്‍ ഇവിടെ മാത്രം ഒഴിവാക്കപ്പെടുന്നു. ആശുപത്രി നേരിടുന്ന മറെറാരു പ്രധാനപ്രശ്‌നം കുടിവെള്ളമാണ്. കുടിവെള്ളമില്ലാത്ത ഏകതാലൂക്ക് ആശുപത്രിയായിരിക്കും ഇത്. പൈപ്പുകളില്‍ വെള്ളമെത്തുന്നുണ്ടെങ്കിലും മലിനജലമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. വൈദ്യുതി പ്രശ്‌നങ്ങളും ഏറെയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട സൂപ്രണ്ടിന്റെ സേവനം ഇവിടെ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. വിഷയത്തില്‍ നിര്‍ണായക ഇടപെടലുകള്‍ ഇനിയും വൈകിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകും.