Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവ പ്രതീതിയുളവാക്കി അനാമയയുടെ നടീല്‍ ഉത്സവം
23/08/2016
അനാമയയുടെ നടീല്‍ ഉത്സവം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉത്സവ പ്രതീതിയുളവാക്കി അനാമയയുടെ നടീല്‍ ഉത്സവം നാട്ടുകാര്‍ക്ക് വേറിട്ടൊരനുഭവമായി. ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനാമയ ഇതിനോടകം നടത്തിക്കഴിഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു നടീല്‍ ഉത്സവം. വൈക്കം ആശ്രമം സ്‌കൂളിലെ വി എച്ച് എസ് സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും, കര്‍ഷകരും, ജനപ്രതിനിധികളും പ്രമുഖവ്യക്തികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ നടീല്‍ ഉത്സവത്തിന്റെ ഭാഗമായി. വൈക്കം തോട്ടുവക്കത്ത് അനാമയ കഴിഞ്ഞ രണ്ടു വര്‍ഷമായി ജൈവകൃഷി ചെയ്യുന്ന ഒന്നരേക്കര്‍ സ്ഥലത്താണ് നടീല്‍ ഉത്സവം നടത്തിയത്. മുന്‍ എം പി പി രാജീവാണ് ജൈവകൃഷിക്കായി സ്ഥലം അനാമയയ്ക്കു വിട്ടു നല്‍കിയത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കു പകരം സ്വന്തമായി ജനങ്ങളെ ജൈവകൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് സെക്രട്ടറി പ്രേംലാല്‍ പറഞ്ഞു. അനാമയയുടെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നു. മിച്ചം വരുന്നത് ന്യായമായ വില നല്‍കി അനാമയ സംഭരിക്കുകയും മററുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഗുണമേന്‍മയുള്ള തൈകളും വിത്തുകളും, ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, ചെറുകാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം അനാമയയില്‍ നല്‍കി വരുന്നു. കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജൈവ കൃഷിയുടെ നൂതന സാങ്കേതികവിദ്യയെ കുറിച്ചുള്ള ക്ലാസ്സുകളും പ്രായോഗിക പരിശീലനവും അനാമയ നല്‍കി വരുന്നു. ജൈവകാര്‍ഷിക രംഗത്ത് അനാമയ തരംഗമായി മാറുന്നതിന്റെ ലക്ഷണമാണ് കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ പങ്കെടുത്ത നടീല്‍ ഉത്സവം. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയര്‍, പാവല്‍, ചീര തുടങ്ങിയവയാണ് നട്ടത്. വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. കെ അജിത്ത് എക്‌സ് എം എല്‍ എ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ലീനാനായര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എസ് ബിജു, ഉത്തരവാദിത്വ ടൂറിസം സ്റ്റേററ് കോ-ഓര്‍ഡിനേററര്‍ രൂപേഷ് കുമാര്‍, കൃഷി അസിസ്റ്റന്റുമാരായ സലിമോന്‍, മേയ്‌സണ്‍, മുരളീധരന്‍, ഡോ. എന്‍ കെ ശശിധരന്‍, പിന്നണി ഗായകന്‍ വി ദേവാനന്ദ്, അനാമായ ഭാരവാഹികളായ പി പി പ്രേംലാല്‍, എം മധു, പി സോമന്‍പിള്ള, സിജീഷ്, മായ കെ പി എന്നിവര്‍ പങ്കെടുത്തു.