Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ സ്ഥലംമാററംമൂലം ദൈനംദിന കൃത്യനിര്‍വഹണങ്ങള്‍ അവതാളത്തിലാകുന്നു
20/08/2016

വൈക്കം: നഗരസഭയിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ സ്ഥലംമാററംമൂലം ദൈനംദിന കൃത്യനിര്‍വഹണങ്ങള്‍ അവതാളത്തിലാകുന്നതായി കാണിച്ച് ചെയര്‍മാന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന് പരാതി നല്‍കി. പുതിയ നഗരസഭ ഭരണസമിതി അധികാരത്തില്‍ വന്ന് എട്ട് മാസമായെങ്കിലും മൂന്ന് മാസക്കാലം നിയമസഭ തെരഞ്ഞെടുപ്പ് പെരുമാററചട്ടങ്ങളുടെ പരിധിയിലായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പരിമിതികള്‍ നേരിടേണ്ടി വന്നു. പദ്ധതി രൂപീകരണത്തിന്റെ വളരെ തിരക്കേറിയ ജോലികള്‍ക്കിടയിലാണ് അടിക്കടി ഉദ്യോഗസ്ഥരുടെ സ്ഥലമാററ ഉത്തരവുകള്‍ വരുന്നത്. പുതിയ ഭരണസമിതി അധികാരമേററശേഷം മൂന്ന് റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ മാറിവന്നു. നികുതി പിരിവടക്കമുള്ള കാര്യങ്ങളില്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍, സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍ എല്ലാം പലതവണ മാറി. കഴിഞ്ഞയാഴ്ച വന്ന യു.ഡി ക്ലര്‍ക്കിനെ തിരൂരിലേക്ക് മാററി. പകരം ആളെ നിയമിച്ചിട്ടുമില്ല. മുന്‍സിപ്പല്‍ എഞ്ചിനീയറെയും സ്ഥലം മാററി. വ്യാഴാഴ്ച കോട്ടയം നഗരസഭയില്‍ നിന്നും വന്ന യു.ഡി ക്ലര്‍ക്കിനെ ഇന്നലെ വീണ്ടും കോട്ടയത്തേക്കുമാററി. മാസങ്ങള്‍ക്കുള്ളില്‍ രണ്ട് സൂപ്രണ്ടുമാരെ മാററി നിയമിച്ചു. ഓവര്‍സീയര്‍, ജെ.എച്ച്.ഐ എന്നീ തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. ഇതൊന്നും പരിഗണിക്കാതെ നടത്തുന്ന സ്ഥലംമാററങ്ങള്‍ നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ മുഴുവന്‍ താളംതെററിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു. നഗരസഭ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന ഈ സ്ഥിതി അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രി അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അനില്‍ ബിശ്വാസ് ആവശ്യപ്പെട്ടു.