Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.യു.ആര്‍.ടി.സിയുടെ വോള്‍വോ ലോ ഫ്‌ളോര്‍ എ.സി ബസ് വൈക്കം ഡിപ്പോയില്‍ 41 ദിവസമായി വെയിലും മഴയുമേററ് നശിക്കുന്നു
19/08/2016
ചില്ലു പൊട്ടിയതിനെത്തുടര്‍ന്ന് 40 ദിവസമായി വൈക്കം ഡിപ്പോയില്‍ കിടക്കുന്ന കെ.യു.ആര്‍.ടി.സിയുടെ വോള്‍വോ ലോ ഫ്‌ളോര്‍ എ.സി ബസ്.

വൈക്കം: കെ.യു.ആര്‍.ടി.സിയുടെ വോള്‍വോ ലോ ഫ്‌ളോര്‍ എ.സി ബസ് വൈക്കം ഡിപ്പോയില്‍ 41 ദിവസമായി വെയിലും മഴയുമേററ് കട്ടപ്പുറത്തായിട്ടും അധികാരികള്‍ക്ക് അനക്കമില്ല. സ്വകാര്യബസ് ലോബിയുടെ നിയന്ത്രണത്തിലായ വൈക്കം ഡിപ്പോയ്ക്ക് രക്ഷയൊരുക്കാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇനിയും രംഗത്തിറങ്ങിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇവിടെയുള്ള പല സര്‍വീസുകള്‍ക്കും ഇരുള്‍ വീഴും. സര്‍വീസ് നടത്തിയിരുന്നെങ്കില്‍ 10 ലക്ഷം രൂപ കിട്ടുമായിരുന്ന ലോ ഫ്‌ളോര്‍ ബസ് സര്‍വീസാണ് നിസാര കാരണത്തിന്റെ പേരില്‍ ഡിപ്പോയില്‍ കിടക്കുന്നത്. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസാണിത്. ജൂലൈ മാസത്തില്‍ വൈക്കം ഡിപ്പോയിലേക്ക് കയറുന്നതിനിടെ വൈക്കം ഡിപ്പോയിലെ മറെറാരു കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയതിനെ തുടര്‍ന്ന് വോള്‍വോ ബസിന്റെ പുറകില്‍ വലതുവശത്തെ ചില്ലു പൊട്ടിയതാണ് ബസ് ഇവിടെ കിടക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ചില്ല് മാറുന്നതിനു 39000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം ഏതാണ്ട് 25000 രൂപ വരുമാനം ലഭിക്കുന്ന ബസാണ് 40 ദിവസമായി നിസാരകാരണം പറഞ്ഞ് വെയിലും മഴയും കൊണ്ട് ഉപേക്ഷിച്ച പോലെ കിടക്കുന്നത്. പ്രതിദിനം 25000 എന്ന കണക്കില്‍ 41 ദിവസം കൊണ്ട് ലഭിക്കുമായിരുന്നത് 10 ലക്ഷത്തിലധികം രൂപയാണ്. ഒരു ബസില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയ്ക്ക് നിസാരകാരണത്താല്‍ നഷ്ടമായത് 10 ലക്ഷം രൂപയാണെന്നത് നാട്ടുകാരെയും അമ്പരപ്പിക്കുന്നതാണ്. ബസിന്റെ ചില്ല് മാറണമെങ്കില്‍ അരൂരിലുള്ള സര്‍വീസ് സെന്ററില്‍ ആണ് എത്തിക്കേണ്ടതെന്നും അവിടെ ഇപ്പോള്‍ തന്നെ ബസുകള്‍ കെട്ടികിടക്കുകയാണെന്നും അതിനാല്‍ ഇനിയും ബസിടാന്‍ അവിടെ സ്ഥലസൗകര്യം ഇല്ലെന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. അതല്ല സര്‍വീസ് സെന്ററില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കുടിശിക ഉള്ളതാണ് ബസ് കേടു നീക്കാന്‍ താമസമുണ്ടാകാന്‍ കാരണമെന്നും ചില ജീവനക്കാര്‍ പറയുന്നു. വൈക്കം ഡിപ്പോയില്‍ ആവശ്യത്തിനു ബസില്ലെന്ന് പരിഭവവും പരാതിയും പറയുമ്പോഴാണ് വളരെയേറെ യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ആധുനിക സൗകര്യങ്ങള്‍ ഉള്ള ബസ് കിടന്നു നശിക്കുന്നത്.