Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ജീവിതനിലനില്‍പ്പിനായി പാടുപെടുന്നു.
16/08/2016
ചെറുവള്ളങ്ങളില്‍ കായലില്‍ മത്സ്യബന്ധനം നടത്തുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍

ഒരു കാലത്ത് മത്സ്യ മേഖലയുടെ നട്ടെല്ലായിരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ജീവിതനിലനില്‍പ്പിനായി പാടുപെടുന്നു. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ ജീവവായുവായിരുന്ന ചെറുവള്ളങ്ങളും വട്ടവലയുമെല്ലാം ഇന്ന് ഓര്‍മ്മയാകുന്ന സ്ഥിതിവിശേഷമാണ്. പ്രതിസന്ധി നേരിടുന്ന ഉള്‍നാടന്‍ മത്സ്യമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളൊന്നും തന്നെ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ആശ്രയിച്ചിരുന്ന നാട്ടുതോടുകള്‍ പലതും ഇന്ന് ഇല്ലാതായി. ഉള്ളതിലാകട്ടെ പോളയും പുല്ലും മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. ഇതില്‍ക്കൂടി ചെറുവള്ളങ്ങളും വട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുക സാഹസികമാണെന്ന് തൊഴിലാളികള്‍ പറയുന്നു. പുഴയും തോടും നാട്ടുതോടുകളും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ വന്നതോടെ പരമ്പരാഗത മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവുണ്ടായി. നിയോജകമണ്ഡലത്തിലെ കല്ലറ, തലയാഴം, വെച്ചൂര്‍, എഴുമാന്തുരുത്ത്, മുണ്ടാര്‍, തോട്ടകം, വടയാര്‍, കൊതവറ, മൂത്തേടത്തുകാവ്, ടി.വി പുരം, ഉദയനാപുരം, വൈക്കപ്രയാര്‍, അക്കരപ്പാടം, ചെമ്മനാകരി, ചെമ്പ്, കാട്ടിക്കുന്ന് മേഖലകളിലാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ളത്. തോടുകളിലും പുഴകളിലും ഒരുകാലത്ത് സുലഭമായിരുന്ന കാരി, വരാല്‍, മഞ്ഞക്കൂരി, പരല്‍, കറുപ്പ്, ചെമ്പല്ലി എന്നീ മത്സ്യങ്ങള്‍ വളരെ കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ രാവിലെ മത്സ്യബന്ധനത്തിന് പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉച്ചയോടുകൂടി ഒരുകുട്ട മത്സ്യം ലഭിക്കുമായിരുന്നു.
എന്നാല്‍ ഇന്നത് വൈകുന്നേരമായാല്‍ പോലും അരക്കുട്ട മത്സ്യങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമാണ്. പ്രതിസന്ധികള്‍ക്കിടയിലും ആയിരത്തിലധികം കുടുംബങ്ങളാണ് ഉള്‍നാടന്‍ മത്സ്യമേഖലയെ ആശ്രയിച്ച് ഇന്നും ജീവിക്കുന്നത്. തോടുകളിലും പുഴകളിലും മത്സ്യസമ്പത്ത് കുറഞ്ഞതോടെ സത്രീകള്‍ ഒഴികെയുള്ള ഉള്‍നാടന്‍ തൊഴിലാളികള്‍ കായലില്‍ മത്സ്യബന്ധനം തുടങ്ങി. 120 ഇനം മത്സ്യങ്ങള്‍ കായലില്‍ ഉള്ളതായാണ് പഠനറിപ്പോര്‍ട്ട്. എന്നാല്‍ ചെറുവള്ളങ്ങളും, വട്ടവലയും കായലിലെ മത്സ്യബന്ധനത്തിനു യോജിക്കുന്നതല്ല. ആന്ധ്രാപ്രദേശില്‍ നിന്നുള്ളവര്‍ കായലില്‍ മത്സ്യബന്ധനം നടത്തി വന്‍നേട്ടമാണ് കൊയ്യുന്നത്. ഇവര്‍ ഉപയോഗിക്കുന്ന പ്രത്യേകരീതിയിലുള്ള വലിയ വലകള്‍ ഇവിടുത്തെ മത്സ്യബന്ധനത്തിന് ഏറെ യോജിച്ചതാണ്.
ഉള്‍നാടന്‍ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യത്തിന് നാട്ടില്‍ ആവശ്യക്കാര്‍ ഏറെയാണ്. ടി.വി പുരം, കടുത്തുരുത്തി, കോവിലകത്തുംകടവ്, മുറിഞ്ഞപുഴ, ചേര്‍ത്തല, ഏററുമാനൂര്‍ മത്സ്യമാര്‍ക്കററുകളില്‍ കായല്‍-കടല്‍ മത്സ്യങ്ങളേക്കാള്‍ ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. ഉള്‍നാടന്‍ മത്സ്യമേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവര്‍ നാട്ടുതോടുകളില്‍ മത്സ്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അധികാരികള്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ഒരു പരമ്പരാഗത മേഖല കൂടി ഓര്‍മ്മയാകും.