Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതിച്ചോറിലൂടെ നന്മയുടെ നറുവെട്ടം
12/08/2016
അഗതികളായ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള ഉച്ചഭക്ഷണവുമായി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ കുട്ടികള്‍

തലയോലപ്പറമ്പ്: സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ കുരുന്നുകള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍, ഇനി അവരോടൊപ്പം കോട്ടയത്തെ നിര്‍ധനരായ കുരുന്നുകളും പൊതിച്ചോറുണ്ണും. കുട്ടികളില്‍ കാരുണ്യസന്ദേശ ബോധവല്‍ക്കരണം എത്തിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ ലക്ഷ്യം. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് അഗതികളായ കുഞ്ഞുങ്ങള്‍ക്കായി പാഥേയം എന്ന പേരില്‍ ഉച്ചഭക്ഷണമൊരുക്കുന്നത്. ഓരോ വീടുകളില്‍ നിന്നും അമ്മമാര്‍ മക്കള്‍ക്ക് കൊടുത്തുവിടുന്ന ഉച്ചഭക്ഷണത്തോടൊപ്പം മറ്റൊരു പൊതിച്ചോറുകൂടി സ്‌കൂളില്‍ കൊണ്ടുവരും. ഉച്ചയ്ക്കു മുമ്പായി പൊതിച്ചോറുകള്‍ സമാഹരിച്ച് ഓട്ടോറിക്ഷയിലാക്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, കുട്ടികളുടെ ആശുപത്രിയിലും എത്തിക്കും. അവിടെയുള്ള നിര്‍ദ്ധനരായ രോഗികള്‍ക്കായി ഇവ വിതരണം ചെയ്യും. നൂറോളം പൊതിച്ചോറുകളുമായി തുടങ്ങിയ പാഥേയം എന്ന കാരുണ്യ പദ്ധതിയിലേക്ക് ഇതിനകം സഹായ വാഗ്ദാനവുമായി നിരവധി സുമനസ്സുകള്‍ രംഗത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു വീട്ടില്‍ നിന്ന് മാത്രം നൂറ് പൊതിച്ചോറുകള്‍ നല്‍കി. ഡല്‍ഹിയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ പാതയോരത്തെ പാവങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ സമാഹരിച്ച് നല്‍കിയ പദ്ധതി ഉള്‍പ്പെടെ നിരവധി സേവനോന്മുഖമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച സെന്റ് ജോര്‍ജ്ജ് പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ. ജോണ്‍ പുതുവ, പ്രിന്‍സിപ്പാള്‍ ടി.ജെ ജോര്‍ജ്ജ്, ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പാഥേയം സംഘടിപ്പിച്ചിരിക്കുന്നത്. അമ്മയുടെ പൊതിച്ചോര്‍ ഉണ്ണാന്‍ ഭാഗ്യമില്ലാതായിപ്പോയ അനാഥരായ കുഞ്ഞുങ്ങളും, രോഗികളായ കുരുന്നുകളും പാഥേയത്തിലെ പൊതിച്ചോറുണ്ണുമ്പോള്‍ നന്മയുടെ നറുവെട്ടത്തില്‍ നാട്ടുകാര്‍ക്കും സംതൃപ്തി.