Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
11/08/2016
വൈക്കം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കള്‍

വൈക്കം : നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇന്നലെ നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. എന്നാല്‍ റെയ്ഡ് നടത്തിയ ഹോട്ടലുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ അധികാരികള്‍ തയ്യാറാകാത്തതുമൂലം ഇത് പ്രഹസനമാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ് ഇവിടെയെല്ലാം തെളിയുന്നത്. മൂന്ന് ഹോട്ടലുകള്‍ക്ക് ശുചിത്വമില്ലായ്മയുടെ പേരില്‍ നോട്ടീസും നല്‍കി. ഇന്നലെ രാവിലെ ഏഴിനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന തുടങ്ങിയത്. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടല്‍, ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മറെറാരു ഹോട്ടല്‍, തോട്ടുവക്കം പാലത്തിനുസമീപമുള്ള ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് രണ്ട് ദിവസം പഴക്കമുള്ള മീന്‍കറി, ബീഫ്, ചിക്കന്‍, പൊറോട്ട മാവ്, ചപ്പാത്തി, ചോറ് എന്നിവ കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ശുചിത്വമില്ലായ്മ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളില്‍ നിന്ന് ഇതിനുമുന്‍പും നഗരസഭ ആരോഗ്യവകുപ്പ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയിരുന്നു. നഗരസഭയുടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ നടത്തുന്ന പരിശോധനകളില്‍ കുടുങ്ങുന്ന ഹോട്ടലുകള്‍ക്കെതിരെയുള്ള നടപടികള്‍ പലപ്പോഴും ദുര്‍ബലമാണെന്ന് ആക്ഷേപമുണ്ട്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുന്ന ഹോട്ടലുകള്‍ പിഴയൊടുക്കി തടിയൂരുകയാണ് പതിവ്. ഇതോടെ ഇവര്‍ക്കെതിരെയുള്ള നടപടികളും അവസാനിക്കുന്നു. ഒരുമാസം കഴിയുമ്പോള്‍ വീണ്ടും നടത്തുന്ന പരിശോധനയില്‍ ഈ ഹോട്ടലുകള്‍ തന്നെ കുടങ്ങുന്നു. തുടര്‍നടപടികളിലെ പാളിച്ചകളാണ് ഇവിടെ നിഴലിക്കുന്നത്. ഈ വിഷയത്തില്‍ കര്‍ക്കശകരമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ആരോഗ്യവകുപ്പ് ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ തന്നെ വൈക്കത്തെ ഹോട്ടലുകളില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്ന വിലനിലവാരമാണ്. രണ്ട് അപ്പത്തിനും കടലക്കറി അല്ലെങ്കില്‍ മുട്ടക്കറി എന്നിവയ്ക്ക് 30 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. ഇവരുടെയെല്ലാം അഴിഞ്ഞാട്ടം തടയിടുവാന്‍ അധികാരികള്‍ കാണിക്കുന്ന അനാസ്ഥ ഇവര്‍ക്ക് ഗുണപ്പെടുന്നു.