Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളും വലഞ്ഞു.
10/08/2016

വൈക്കം: സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളും വലഞ്ഞു. തിങ്കളാഴ്ച രാവിലെ സ്‌ക്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് കണ്‍സഷന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സമരത്തിന് കാരണം. രാവിലെയുണ്ടായ സംഭവം വിദ്യാര്‍ത്ഥിനി വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് പറഞ്ഞു. ഇതു ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ വൈകുന്നേരം ചെമ്പില്‍ എത്തുകയും ബസ് തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് ഉണ്ടായ തര്‍ക്കത്തില്‍ വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിററില്‍ റാണി ബസിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. സംഭവമറിയാതെ രാവിലെ പണിസ്ഥലത്തേക്കും, സ്‌ക്കൂളുകളിലേക്കും പോകാനെത്തിയ തൊഴിലാളികളും വിദ്യാര്‍ത്ഥികളും വലയുകയായിരുന്നു. പലരും ബസ് സ്റ്റോപ്പുകളില്‍ എത്തി മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് സ്വകാര്യ ബസ് സമരത്തെക്കുറിച്ച് അറിയുന്നത്. വെച്ചൂര്‍, ടി.വി പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, പാലാംകടവ്, ചെമ്മനാകരി, വെള്ളൂര്‍, ഇറുമ്പയം പ്രദേശങ്ങളിലുള്ളവരെയാണ് സമരം കൂടുതലായി ബാധിച്ചത്. കാരണം ഈ ഭാഗങ്ങളിലേക്ക് വിരലിലെണ്ണാവുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് തടയിടുവാന്‍ അധികാരികള്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്ന് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.