Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ചന്ത നിലനില്‍പ്പിന് ബുദ്ധിമുട്ടുന്നു.
04/08/2016
നിലനില്‍പ്പിനായി പാടുപെടുന്ന തലയോലപ്പറമ്പ് മാര്‍ക്കററ്

നഷ്ടപ്രതാപങ്ങളുടെ ഓര്‍മകളുമായി സാഹിത്യസുല്‍ത്താന്റെ നാട്ടിലെ പേരുകേട്ട തലയോലപ്പറമ്പ് ചന്ത നിലനില്‍പ്പിന് ബുദ്ധിമുട്ടുന്നു. കേരളത്തിലെ പുരാതന ചന്തകളിലൊന്നാണ് വേലുത്തമ്പി ദളവ സ്ഥാപിച്ച ഈ ചന്ത. പ്രതാപകാലത്ത് തലയോലപ്പറമ്പ് ചന്തയില്‍ വില്‍പ്പനക്കെത്താത്ത സാധനങ്ങള്‍ വിരളമായിരുന്നു. കാര്‍ഷികോത്പന്നങ്ങള്‍, മത്സ്യങ്ങള്‍, കയറുല്‍പ്പന്നങ്ങള്‍, തഴപ്പായ, മണ്‍പാത്രങ്ങള്‍, പലവ്യഞ്ജനങ്ങള്‍, നാണ്യവിളകള്‍ തുടങ്ങി എല്ലാം ഇവിടെ ലഭിച്ചിരുന്നു. ഏററുമാനൂര്‍-വൈക്കം റോഡ്, വൈക്കം-കൂത്താട്ടുകുളം റോഡ്, തലയോലപ്പറമ്പ് കോരിക്കല്‍ റോഡ്, തലയോലപ്പറമ്പ്-വെള്ളൂര്‍ റോഡ് എന്നിവ ചന്തയിലൂടെ കടന്നുപോകുന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരുന്നു. കാളവണ്ടി, ഉന്തുവണ്ടി എന്നിവയ്ക്ക് പുറമെ ആലപ്പുഴ, ചേര്‍ത്തല, കുത്തിയതോട്, കുമരകം, ചങ്ങനാശേരി, അതിരമ്പുഴ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കോവു വള്ളങ്ങളിലും ചന്തയില്‍ ചരക്ക് എത്തിയിരുന്നു. ചൊവ്വ, ശനി ദിവസങ്ങളില്‍ നടക്കുന്ന ചന്തക്കായി ആരംഭകാലത്ത് തലേദിവസം തന്നെ സ്ത്രീകളുള്‍പ്പെടെ എത്തുമായിരുന്നു. എന്നാല്‍ ആരംഭകാലത്ത ചന്തയ്ക്ക് പ്രതാപം നല്‍കിയ പലരും കച്ചവടം നിര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നിരവധി കച്ചവട സ്ഥാപനങ്ങളാണ് കടക്കെണിയില്‍പ്പെട്ട് പൂട്ടേണ്ടി വന്നത്. പഴയ കാലത്ത് ചന്തയില്‍ സാധനങ്ങള്‍ക്ക് ന്യായവിലയായിരുന്നു. എന്നാല്‍ ഇന്നാകട്ടെ നിയന്ത്രണമേര്‍പ്പെടുത്തേണ്ടവര്‍ അനങ്ങാത്തതുമൂലം വിലനിലവാരം തോന്നുംപടിയാണ്. പഴയകാല പ്രതാപം നഷ്ടപ്പെട്ട ചന്തയിലെ പ്രധാനം പെണ്‍ചന്തയായിരുന്നു. ഇപ്പോള്‍ കച്ചവടം പകുതിയോളം കുറഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യമായ കൂലി കിട്ടാതെയായി. ഇപ്പോള്‍ മുഖ്യമായും നടക്കുന്ന പച്ചക്കറിയുടെ വ്യാപാരം മാത്രമാണ് തലയോലപ്പറമ്പ് ചന്തയുടെ പേരെങ്കിലും നിലനിര്‍ത്തുന്നത്. ചന്തയിലെ വ്യാപാരത്തില്‍ നിന്നും വന്‍തുക നികുതി വരുമാനം ലഭിക്കുന്ന തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണം കയ്യാളുന്നവര്‍ പതിററാണ്ടുകളായി തലതിരിഞ്ഞ നിലപാടുകളാണ് സ്വീകരിച്ചുപോരുന്നത്. ഇതില്‍ ഏററവും പ്രധാനം ചന്തയിലെ ദുര്‍ഗന്ധവും മാലിന്യനിക്ഷേപവുമാണ്. ദുരെ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ മൂക്കുപൊത്തിയാണ് മാര്‍ക്കററില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. ലാഭം പ്രതീക്ഷിച്ച് മാര്‍ക്കററിനെ കൊണ്ടുനടക്കുന്നവര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വൈകിയാല്‍ വെള്ളൂര്‍, വടയാര്‍, ഉല്ലല, വൈക്കം ചന്തകളുടെ അവസ്ഥയിലേക്കായിരിക്കും തലയോലപ്പറമ്പ് ചന്തയുടെയും പോക്ക്. തലയോലപ്പറമ്പ് മാര്‍ക്കററിനെ പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ അധികാരികള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് കൃഷിക്കാരന്റെ ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കററില്‍ ന്യായമായ വില ലഭിക്കുവാന്‍ പഞ്ചായത്ത് അധികാരികള്‍ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.ഡി വിശ്വനാഥന്‍, അനി ചെള്ളാങ്കല്‍, വി.എന്‍ രമേശന്‍, ജോളി കരിമഠം, പി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.