Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം സ്‌ക്കൂളിനെ ഹൈടെക് സ്‌ക്കൂളാക്കി ഉയര്‍ത്തണം: എ.ഐ.വൈ.എഫ്
25/07/2016

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് സ്‌ക്കൂള്‍ നവീകരണപദ്ധതിയില്‍ നിയോജകമണ്ഡലത്തില്‍ നിന്നും കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെ ഉള്‍പ്പെടുത്തണമെന്ന് എ.ഐ.വൈ.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ സംസ്ഥാന ബജററില്‍ ഓരോ മണ്ഡലത്തിലും ഓരോ സര്‍ക്കാര്‍ സ്‌ക്കൂളുകളെ ഹൈടെക് സ്‌ക്കൂളുകളായി ഉയര്‍ത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശതാബ്ദി പിന്നിട്ട കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ തീര്‍ത്തും സാധാരണക്കാരായ കുട്ടികളാണ് പഠിക്കുന്നത്. ആധുനിക സൗകര്യങ്ങളുടെ അപര്യാപ്ത ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് സ്‌ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠനസാഹചര്യങ്ങളും ഏററവും മികച്ച നിലയിലേക്ക് മാററിയെടുത്തുകൊണ്ട് കുലശേഖരമംഗലം സ്‌ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.
ചെമ്മനാകരി റൂട്ടിലോടുന്ന ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാതെയും, അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന ബസ് ജീവനക്കാര്‍ക്കെതിരെ വാഹനവകുപ്പ് ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം പി.എസ് ശ്രീനിവാസന്‍ സ്മാരകമന്ദിരത്തിര്‍ ചേര്‍ന്ന യോഗത്തില്‍ മനു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ ശരത്കുമാര്‍, ബി.രാജേന്ദ്രന്‍, അമൃത ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി റെജിമോന്‍ (പ്രസിഡന്റ്), ശ്രീജിത്ത് (വൈസ് പ്രസിഡന്റ്), പി.ആര്‍ ശരത്കുമാര്‍ (സെക്രട്ടറി), ടി.സി ശരത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.