Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിടിവിട്ട് വൈക്കം നഗരസഭ.
23/07/2016

വൈക്കം: പിടിവിട്ട് വൈക്കം നഗരസഭ. ഉദ്യോഗസ്ഥ ചേരിതിരിവ് ആണ് സംസ്ഥാനത്തെ ആദ്യ നഗരസഭകളിലൊന്നായ വൈക്കത്തെ ഭരണത്തെ താറുമാറാക്കുന്നത്. ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഒരുവിലയുമില്ലാത്ത സാഹചര്യമാണ്. ഇന്നലെ സാധാരണക്കാരന്റെ വീടുനിര്‍മാണത്തിന് പെര്‍മിററ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷത്തെ കൗണ്‍സിലര്‍ ഓവര്‍സിയറെ സമീപിച്ചു. എന്നാല്‍ ഇതിനെ മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി ഓവര്‍സിയര്‍ തടയിട്ടു. ഒടുവില്‍ വിഷയം സൂപ്രണ്ടിന്റെ മേശപ്പുറത്തെത്തി. കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെര്‍മിററ് നല്‍കുന്നതില്‍ വലിയ കുഴപ്പങ്ങളില്ലെന്ന് മനസ്സിലാക്കിയ സൂപ്രണ്ട് ഇതിനു പരിഹാരം ഉണ്ടാക്കുവാന്‍ ഓവര്‍സിയറോട് നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രകോപിതനായ ഓവര്‍സിയര്‍ ജിവനക്കാരന്റെ മുന്നില്‍വെച്ച് സൂപ്രണ്ടിനെ കയ്യേററം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥതലത്തിലെ മുഖ്യനായ സെക്രട്ടറി അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം മുതല്‍ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന ഇദ്ദേഹം ഇപ്പോഴത്തെ ഭരണസമിതിക്കും പ്രിയപ്പെട്ടവനാണ്. നഗരസഭയുടെ ഒട്ടുമിക്ക പദ്ധതികള്‍ക്കും വഴിമുടക്കി നില്‍ക്കുന്നത് സെക്രട്ടറിയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുന്നതു സംബന്ധിച്ചും വഴിവിളക്കുകള്‍ തെളിക്കുന്നതും ഓടകള്‍ വൃത്തിയാക്കുന്നതു സംബന്ധിച്ചുമെല്ലാമുള്ള കാലതാമസങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തിലെ ചില വഴിമുടക്കികളാണ് തടസ്സം നില്‍ക്കുന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ചില കൗണ്‍സിലര്‍മാര്‍ ഇതിനെതിരെയെല്ലാം രംഗത്തുവരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ കൂട്ടായ്മ ഇതിനെല്ലാം പുല്ലുവിലയാണ് കല്‍പിക്കുന്നത്. ഇനിയെങ്കിലും ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുവാന്‍ ഭരണസമിതിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ വലിയ കുഴപ്പത്തിലേക്കായിരിക്കും നഗരസഭ ചെന്നെത്തുക. അതേസമയം ഓവര്‍സീയര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് പറഞ്ഞു.