Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈത്രി ഭവന്റെ താക്കോല്‍ദാനം
16/07/2016
വൈക്കം ജനമൈത്രി പോലീസ് മുരിയന്‍കുളങ്ങര നല്ലേടത്തുമഠത്തില്‍ ലളിതയ്ക്കും കുടുംബത്തിനും നിര്‍മിച്ചുനല്‍കിയ വീട് കൈമാററച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ഐ.പി.എസ് നിര്‍വഹിക്കുന്നു

വൈക്കം: ജനമൈത്രി പോലീസ് മുരിയന്‍കുളങ്ങരയില്‍ നല്ലേടത്തുമഠം വീട്ടില്‍ ലളിതയ്ക്കും കുടുംബത്തിനും നിര്‍മിച്ചുനല്‍കിയ മൈത്രി ഭവന്റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ഐ.പി.എസ് നിര്‍വഹിച്ചു. വൈക്കം കിഴക്കേനടയിലുള്ള മുരിയന്‍കുളങ്ങര റോഡിനോട് ചേര്‍ന്ന് വൃദ്ധദമ്പതികള്‍ ഉള്‍പ്പെടെയുള്ള പത്തംഗകുടുംബം വളരെ പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനമൈത്രി പോലീസ് സി.ആര്‍.ഒ എന്‍.വി സരസിജന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സമിതിയാണ് ലളിതയുടെയും കുടുംബത്തിന്റെയും വീടിന്റെ നിര്‍മാണവും കുട്ടികളുടെ പഠനവും ഏറെറടുത്തുനടത്തിയത്. 2015 ജൂലൈ 27ന് വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍ തറക്കല്ലിട്ട് തുടങ്ങിയ വീടിന്റെ നിര്‍മാണം വൈക്കത്തെ സുമനസ്സുകളുടെയും അഭ്യൂദയകാംക്ഷികളുടെയും നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ കൊണ്ട് 12 മാസം കൊണ്ട് പൂര്‍ത്തിയാക്കപ്പെടുകയായിരുന്നു.
ഒരു വീട് എന്ന യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ പകച്ചുപോയ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നന്മയുടെ മേല്‍ക്കൂര തീര്‍ത്ത ജനമൈത്രി പോലീസ് വര്‍ത്തമാനകാല സമൂഹത്തിന്റെ ഉപരിവര്‍ഗ ജാഡകള്‍ക്ക് മീതെ നിര്‍മിച്ച ഈ സ്വപ്നഭവനം മാതൃകാപരമായ ഒരു പ്രവര്‍ത്തനമാണ്. വൈക്കം പട്ടണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനമൈത്രി പോലീസ് ജനങ്ങളുടെ സഹകരണത്തോടെ താലൂക്ക് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയററര്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണം, തോട്ടകത്ത് നിരാലംബയായ വൃദ്ധയുടെ വീടിന്റെയും, ടൗണില്‍ തീകത്തി നശിച്ചുപോയ വീടിന്റെ പുനര്‍നിര്‍മാണം, നിരവധി കുട്ടികള്‍ക്ക് ഉപരിപഠനം എന്നിങ്ങനെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
മുരിയന്‍കുളങ്ങരയിലെ മൈത്രിഭവനഅങ്കണത്തില്‍ നടന്ന ചടങ്ങില്‍ എന്‍.രാമചന്ദ്രന്‍ ഐ.പി.എസില്‍ നിന്നും ലളിത വീടിന്റെ താക്കോല്‍ ഏററുവാങ്ങി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പിമാരായ എന്‍.സി രാജമോഹന്‍, കബീര്‍ റാവുത്തര്‍, നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ അനൂപ്, മുഹമ്മദ് ഷെഫീഖ് മനാരി അല്‍ കാസിമി, ഇടമന ദാമോദരന്‍ പോററി, ഫാ. പീററര്‍ കോയിക്കര, വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍, നിര്‍മാണസമിതി കണ്‍വീനര്‍ രാമചന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.