Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണമാസാചരണം ഇന്ന് മുതല്‍ ഓഗസ്‌ററ് 16 വരെ നടക്കും.
16/07/2016

രാമായണ മാസാചരണത്തെ വരവേല്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. വൈക്കം മഹാദേവ ക്ഷേത്ര ഉള്‍പ്പെടെയുളള ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. രാമായണമാസവുമായി ഏററവുമധികം ഐതീഹ്യവും വിശ്വാസവും നിലകൊള്ളുന്ന മൂത്തേടത്തുകാവിലേക്ക് ഇന്ന് മുതല്‍ വിശ്വാസികളുടെ ഒഴുക്കായിരിക്കും. ചിലപ്പതികാരം കര്‍ണകി ചരിത്രമായി ബന്ധമുള്ള മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഇന്ന് നടക്കും. മൂത്തേടത്തുകാവിലമ്മ മധുരാപുരിയില്‍ നിന്നും എഴുന്നള്ളി തന്റെ നല്ലച്ഛനായ തിരുവൈക്കത്തപ്പനെ ദര്‍ശനം നടത്തിയാണ് മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് എന്നതാണ് ക്ഷേത്രത്തിന്റെ ഐതീഹ്യം.
മേടത്തിലെ വിഷുനാള്‍ അര്‍ദ്ധരാത്രിയില്‍ നടക്കുന്ന അരിയേറ് ചടങ്ങിനെ തുടര്‍ന്ന് നിത്യപൂജകള്‍ മൂന്ന് മാസക്കാലത്തേയ്ക്ക് നിര്‍ത്തിവച്ച് ക്ഷേത്രനട അടയ്ക്കുന്നു. മൂത്തേടത്തുകാവ് ഭഗവതിയ്ക്കു മാത്രമായിട്ടുള്ളതാണ് ഈ ആചാരം. പിന്നീട് കര്‍ക്കിടകം ഒന്നിന് പുലര്‍ച്ചെ നാലിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി ആലക്കാട്ട്മനയില്‍ ശ്രീജിത്ത് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ശ്രീലകത്ത് ഭദ്രദീപം തെളിച്ച് ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ ശുദ്ധി, പുണ്യാഹം, അഭിഷേകം, മലര്‍നിവേദ്യം, ഗണപതിഹോമം എന്നീ ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം വളരെ പ്രസിദ്ധമായ കര്‍ക്കിടക ഉഷപൂജ ക്ഷേത്രം തന്ത്രി ചെയ്യുന്നതോടെ നിത്യപൂജകള്‍ ആരംഭിക്കുന്നു. അന്നേദിവസം വില്‍പ്പാട്ട്, തെക്കുപുറത്ത് ഗുരുതി, വലിയ തീയാട്ട് എന്നിവ നടക്കും.

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം നടക്കും. ഇന്ന് രാവിലെ ആറിന് ശിവനാമകീര്‍ത്തനം, ഏഴിന് നാരായണീയ പാരായണം എന്നിവ നടക്കും. പത്തിന് രാമായണ മാസാചരണ പ്രാരംഭസഭയുടെ ഉദ്ഘാടനം ദേവസ്വം അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ആര്‍.മുരളീധരന്‍ നിര്‍വഹിക്കും. കുറുപ്പംകളം റെജികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഓഗസ്റ്റ് 16 വരെ വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെ രാമായണപാരായണം, 31നും, ഓഗസ്റ്റ് ഏഴിനും സംഗീതസദസ്സ്, 12ന് പ്രഭാഷണം, 13ന് സംഗീതാര്‍ച്ചന എന്നിവ വൈകുന്നേരം ആറിന് നടക്കും.

കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ-ശ്രീആഞ്ജനേയ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ 16 വരെ രാമായണ മഹോത്സവം നടക്കും. ഇന്ന് രാവിലെ 7.30ന് ശ്രീരാമചന്ദ്രസ്വാമി ദീപപ്രകാശനം നിര്‍വഹിക്കും. ക്ഷേത്രം മേല്‍ശാന്തി സജേഷ് ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. ഗണപതി ഹോമം, ഭഗവതിസേവ, രാമായണപാരായണം, കര്‍ക്കിടക പൂജ, വിശേഷാല്‍ പൂജകള്‍ എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ഓഗസ്റ്റ് ഒന്നിന് അഷ്ടാഭിഷേകം, 15ന് ഔഷധകഞ്ഞി വിതരണം, 16ന് രാവിലെ 11ന് രാമായണ പാരായണ സമര്‍പ്പണം എന്നിവ നടക്കും.

പോളശേരി ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് രാവിലെ ആരംഭിക്കും. രാമായണപാരായണം, ഔഷധക്കഞ്ഞി വിതരണം എന്നിവ നടക്കും. മാസാചരണത്തിന്റെ ദീപപ്രകാശനം നാളെ രാവിലെ ഏഴിന് നടക്കും.

എസ്.എന്‍.ഡി.പി യോഗം 131-ാം നമ്പര്‍ ഉദയനാപുരം പടിഞ്ഞാറെമുറി ശാഖയിലെ വല്യാറ ദേവീക്ഷേത്രത്തില്‍ രാമായണമാസാചരണം ഇന്ന് മുതല്‍ ഓഗസ്‌ററ് 16 വരെ നടക്കും. രാമായണ പാരായണം, ഗണപതിഹോമം, ഭഗവത്‌സേവ എന്നിവയാണ് പരിപാടികള്‍. ക്ഷേത്രത്തിലെ കാര്യസിദ്ധിപൂജയും വിളക്ക് പൂജയും 17ന് വൈകുന്നേരം അഞ്ചിന് നടക്കും.

എസ്.എന്‍.ഡി.പി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയിലെ ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ രാമായണമാസാചരണം ഇന്ന് ആരംഭിക്കും. മഹാഗണപതിഹോമം, ഭഗവത്‌സേവ, കര്‍ക്കിടകമാസ ദിവസപൂജകള്‍, ഉമാമഹേശ്വര പൂജകള്‍, ജന്മനക്ഷത്ര പൂജകള്‍, വിദ്യാതടസ്സ പൂജകള്‍, ശത്രുദോഷ പൂജകള്‍, കാര്യസിദ്ധി പൂജകള്‍ എന്നിവയാണ് പ്രധാനവഴിപാടുകള്‍. കര്‍ക്കിടകവാവുബലി ഓഗസ്റ്റ് രണ്ടിന് രാവിലെ ആറ് മുതല്‍ നടക്കും.

തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് ആരംഭിക്കും. വിശേഷാല്‍ ഗണപതിഹോമം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും.

ചെമ്പ് ചുള്ളിമംഗലത്തില്ലം ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ രാമായണോത്സവം ഇന്ന് ആരംഭിക്കും. രാമായണ പാരായണം, ഗണപതിഹോമം, ഭഗവല്‍സേവ, വിശേഷാല്‍ പൂജകള്‍ എന്നിവയാണ് ചടങ്ങുകള്‍.
മേവെള്ളൂര്‍ തോന്നല്ലൂര്‍ ആക്യക്കാവ് ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും.

കാട്ടിക്കുന്ന് ശ്രീ അനന്തവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് മുതല്‍ ഓഗസ്റ്റ് 16 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ മാധവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.