Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിരകാല സ്വപ്നമായ ഫയര്‍ സ്റ്റേഷന്‍ അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നാളെ നാടിനു സമര്‍പ്പിക്കും
27/11/2015
വൈക്കംകാരുടെ ദീര്‍ഘനാളായുള്ള കാത്തിരിപ്പിന് വിരമമായി. ചിരകാല സ്വപ്നമായ ഫയര്‍ സ്റ്റേഷന്‍ അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നാളെ നാടിനു സമര്‍പ്പിക്കും. സംസ്ഥാനത്തെ 111-ാമത്തെയും ജില്ലയിലെ എട്ടാമത്തെയും ഫയര്‍ സ്റ്റേഷനാണിത്. ഫയര്‍ സ്റ്റേഷന്‍ എന്ന വൈക്കത്തുകാരുടെ ആവശ്യത്തിന് പതിററാണ്ടുകളുടെ പഴക്കമുണ്ട്. പി.നാരായണന്‍ എം.എല്‍.എ ആയിരുന്ന കാലത്താണ് ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനായുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനായി നഗരസഭ വാങ്ങിയ മൂന്നര ഏക്കറില്‍ നിന്ന് 50 സെന്റ് കെട്ടിടം നിര്‍മ്മാണത്തിനും 10 സെന്റ് റോഡിനും നീക്കിവെച്ചു. നാലര ലക്ഷം രൂപ മുടക്കി കെട്ടിടം പണിതീര്‍ത്തു. നാല്‍പ്പതോളം ജീവനക്കാര്‍ക്ക് താമസസൗകര്യവും ഒരുക്കി. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വെള്ളത്തിനുവേണ്ടി കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനുശേഷം അനുമതിക്കായി നഗരസഭ ഏറെ പരിശ്രമം നടത്തിയെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയി. 2000ത്തില്‍ ഫയര്‍‌സ്റ്റേഷനുകളുടെ മുന്‍ഗണനാ പട്ടികയിലും 2010ലെ ബജററിലും വൈക്കത്തെ ഫയര്‍‌സ്റ്റേഷന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അടിസ്ഥാനസൗകര്യം ലഭ്യമാക്കുവാന്‍ വൈകിയതുമൂലം ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയും കാലതാമസം നേരിട്ടു. നഗരസഭാ പരിധിയില്‍ തന്നെ സ്ഥലവും കെട്ടിടവും ഒരുക്കി ഫയര്‍ സ്റ്റേഷനുവേണ്ടി കെ.അജിത്ത് എം.എല്‍.എ പലതവണ നിയമസഭയില്‍ സബ്മിഷനും ചോദ്യങ്ങളും ഉന്നയിച്ചെങ്കിലും പിന്നെയും സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വൈകുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്ത് അനുവദിച്ച ആറ് ഫയര്‍ സ്റ്റേഷനുകളില്‍ ഒന്നായി വൈക്കത്തെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. രാവിലെ ഒന്‍പതിന് ഫയര്‍ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, മുന്‍നഗരസഭ ചെയര്‍മാന്‍മാരായ ഡി.രഞ്ജിത്കുമാര്‍, അഡ്വ. പി.കെ ഹരികുമാര്‍, ശ്രീലതാ ബാലചന്ദ്രന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, ഫയര്‍ ആന്റ് റസ്‌ക്യു ഡയറക്ടര്‍ ജനറല്‍ അനില്‍കാന്ത് ഐ.പി.എസ്, കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ എന്‍.വി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.