Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്തിരി വൈക്കത്തെ ഉള്‍പ്രദേശത്തെ തണുപ്പിലും
14/07/2016
ഉദയനാപുരം നേരേകടവ് പതിനാറുപറയില്‍ തോമസിന്റെ വീട്ടിലെ മട്ടുപ്പാവില്‍ കായ്ച്ചുനില്‍ക്കുന്ന മുന്തിരി കുലകള്‍.

വൈക്കം: തണുപ്പിന്റെ മേലാപ്പുള്ള ഇടുക്കിയിലെ മൂന്നാറിലും കാന്തല്ലൂരിലും മാത്രമല്ല വൈക്കത്തെ ഉള്‍പ്രദേശത്തെ തണുപ്പിലും മുന്തിരി തളിര്‍ത്ത് പൂത്തുകായ്ക്കും. ഉദയനാപുരം നേരേകടവ് പതിനാറുപറയില്‍ തോമസിന്റെ (തങ്കച്ചന്‍) വീട്ടിലെ മട്ടുപ്പാവിലാണ് ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മധുരമുന്തിരി കുലകളായി അഴകുപരത്തുന്നത്. മഞ്ഞ് പൊഴിയുമ്പോള്‍ പൂത്തുകായ്ക്കുന്ന മുന്തിരിച്ചെടികളില്‍നിന്ന് ആറു മാസത്തോളം മധുരമൂറുന്ന കറുത്ത മുന്തിരികള്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട് ചെടികളില്‍ നിന്നായി ഇവര്‍ക്ക് ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് കിലോ വരെ മുന്തിരി ലഭിക്കുന്നു. ഒരു കുലയില്‍നിന്ന് തേന്‍മധുരം കിനിയുന്ന ഒന്നര കിലോയോളം തൂക്കം വരുന്ന മുന്തിരിക്കുല ലഭിച്ചിട്ടുണ്ട്. യാതൊരുവിധ കീടനാശിനിയും ഉപയോഗിക്കാത്തതിനാല്‍ ഭയാശങ്കകളില്ലാതെ കുരുന്നുകള്‍ക്കും ധൈര്യമായി മുന്തിരി പറിച്ചുകഴിക്കാം. ചാണകവും എല്ലുപൊടിയും മാത്രമേ വളമായി ചേര്‍ക്കുന്നുള്ളൂ. നാലുവര്‍ഷം മുന്‍പ് ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിലെ ദുക്‌റാന തിരുനാളിന് വില്‍പനയ്ക്കായി കൊണ്ടുവന്ന മുന്തിരിച്ചെടികളില്‍നിന്ന് നാലെണ്ണം കൗതുകത്തിനായി വാങ്ങി വീട്ടില്‍ നട്ടതാണ് തോമസ്. അതില്‍ രണ്ടെണ്ണം തഴച്ചുവളര്‍ന്ന് ആറുമാസത്തിനുള്ളില്‍ പൂത്തുകായ്ച്ചു. കണ്ണിനുകുളിരായി കാററില്‍ ഇളകിയാടുന്ന മുന്തിരിക്കുലകള്‍ സമീപത്തെ വീടുകളിലെ കുട്ടികളാണ് പറിച്ചു കഴിക്കുന്നത്. വീടിന്റെ ഇത്തിരിമുററത്ത് ഏതാനും മുന്തിരിച്ചെടികള്‍കൂടി നട്ടുവളര്‍ത്തി മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നതും പൂക്കുന്നതും കണ്ടുണരാന്‍ തോമസിനൊപ്പം ഭാര്യ സോഫിയ, മക്കളായ ജസ്റ്റിന്‍, ജെയ്‌നി, ജെയ്മി എന്നിവരും തയ്യാറെടുപ്പ് നടത്തി വരികയാണ്.