Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിനെ മുള്‍മുനയില്‍ നിര്‍ത്തി പായുന്ന ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ ഉറക്കംകെടുത്തുന്നു.
13/07/2016

വൈക്കം: നഗരത്തിനെ മുള്‍മുനയില്‍ നിര്‍ത്തി പായുന്ന ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ ഉറക്കംകെടുത്തുന്നു. ഇതിനെ നിയന്ത്രിക്കേണ്ട പോലീസും വാഹനവകുപ്പും മത്സരയോട്ടം കണ്ടു രസിക്കുന്ന സ്ഥിതി വിശേഷമാണ്. കഴിഞ്ഞ ദിവസം രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മോഡേണ്‍ ബൈക്കില്‍ പാഞ്ഞെത്തിയത് മരണക്കയത്തിലേക്കായിരുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനെയും വാഹനവകുപ്പിനെയും മാത്രം പഴിച്ചിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടവര്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണം. കഴിഞ്ഞ കുറേ നാളുകളായി മോഡേണ്‍ ബൈക്കുകളും ഇതില്‍ പായുന്ന യുവാക്കളും നഗരത്തിനും സമീപപ്രദേശങ്ങള്‍ക്കും ഉയര്‍ത്തുന്ന ഭീഷണി നിസാരമല്ല. ഹെല്‍മെററും വാഹനവകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും കാററില്‍ പറത്തിയാണ് ഇവരെല്ലാം പായുന്നത്. പോലീസ് സ്റ്റേഷനുമുന്നില്‍പോലും പോലീസുകാര്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഇവര്‍ കൈകാണിച്ചാല്‍പോലും നിര്‍ത്താതെ പായുന്നു. ഇവിടെയെല്ലാം ഉത്തരവാദിത്വപ്പെട്ടവരുടെ നിസ്സഹായതയാണ് കാണപ്പെടുന്നത്. ഇതിനെയെല്ലാം മറികടക്കുവാന്‍ ഇനിയും അധികാരികള്‍ മറന്നാല്‍ അപകടങ്ങളും ഇതിലൂടെയുണ്ടാകുന്ന അപകടങ്ങളും ദുരന്തങ്ങളും ഏറുമെന്നുള്ള കാര്യം ഉറപ്പാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ആധുനികബൈക്കില്‍ പാഞ്ഞ യുവാവിന് ഇടയാഴത്തുവെച്ച് ദാരുണമരണമാണ് സംഭവിച്ചത്. അധികാരികളെ മാത്രം ഈ വിഷയത്തില്‍ പഴിച്ചിട്ടുകാര്യമില്ല. മാതാപിതാക്കളും വിഷയത്തില്‍ ഇടപെടണം. എങ്കില്‍ മാത്രമേ അപകടങ്ങള്‍ക്കും റോഡില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. ടൗണിലൂടെ ബൈക്കില്‍ അമിത വേഗതയില്‍ പായുന്ന യുവാക്കള്‍ കാല്‍നടയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ട്രെന്‍ഡ് ബൈക്കുകളിലാണ് ഇവരുടെ സഞ്ചാരം. മിക്ക ദിവസങ്ങളിലും ബൈക്കുകള്‍ അപകടത്തില്‍പ്പെടുന്നു. ബൈക്ക് ഓടിക്കുന്നവര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കുമാണ് അപകടത്തില്‍ പരുക്കേല്‍ക്കുന്നത്. പോലീസിന്റെ വാഹന പരിശോധന ഹെല്‍മററ്, മദ്യപര്‍ എന്നിവരില്‍ ഒതുങ്ങുന്നു. പരിശോധനകള്‍ക്കിടയില്‍ അമിത വേഗതയില്‍ പായുന്ന ബൈക്കുകളെ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. അമിത വേഗത തടയേണ്ട ഉത്തരവാദിത്വം വാഹനവകുപ്പിനാണെന്നാണ് പോലീസ് ഭാഷ്യം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം ധരിച്ച് നഗരത്തില്‍ക്കൂടി ബൈക്കുകളില്‍ പോകുമ്പോള്‍ പോലും ഉത്തരവാദിത്വപ്പെട്ടവര്‍ അനങ്ങുന്നില്ല. ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ വൈകിയാല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകും.