Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു മാസക്കാലം നീണ്ടുനിന്ന റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഇന്ന് പരിസമാപ്തി.
05/07/2016

വൈക്കം : ഒരു മാസക്കാലം നീണ്ടുനിന്ന റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഇന്ന് പരിസമാപ്തി. നാളെ ചെറിയ പെരുന്നാള്‍. ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ആത്മസംസ്‌കരണത്തിന്റെ മാസമായ റമദാനിലെ ദിനരാത്രങ്ങളില്‍ ജീവിതത്തില്‍ പുലര്‍ത്തിയ വിശുദ്ധി അടുത്ത റമദാന്‍ വരെ കാത്തുസൂക്ഷിക്കണമെന്ന വിശ്വാസമാണ് നോമ്പനുഷ്ഠാനത്തെ ശ്രേഷ്ഠമാക്കുന്നത്. പട്ടിണിയുടെ വിലയറിഞ്ഞ് പാവങ്ങളെ സഹായിക്കാനുള്ള സന്ദേശം കൂടി റമദാന്‍ നല്‍കുന്നുണ്ട്.
ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ആഘോഷങ്ങള്‍ തലേദിവസം തന്നെ തുടങ്ങും. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകും. വീടുകളില്‍ മൈലാഞ്ചിയിടലും പെരുന്നാള്‍ സ്‌പെഷ്യല്‍ ഭക്ഷണവിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലുമായിരിക്കും കുട്ടികളും മുതിര്‍ന്നവരും. പെരുന്നാള്‍ ദിവസം വിശ്വാസസമൂഹം സുഗന്ധദ്രവ്യങ്ങള്‍ പൂശി പുതുവസ്ത്രമണിഞ്ഞ് ഈദ് ഗാഹുകളിലും പള്ളികളിലും നമസ്‌കാരത്തിനായി എത്തുകയായി. നമസ്‌കാരാനന്തരം സുഹൃത്തുക്കളെയും ബന്ധുക്കളെയും പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകള്‍ നേര്‍ന്നാണ് പിരിയുന്നത്. പിന്നീട് വീടുകളില്‍ സുഹൃത്തുക്കളോടും അയല്‍വാസികളോടും ബന്ധുക്കളൊടുമൊത്ത് വിഭവസമൃദ്ധമായ സദ്യയുമൊക്കെയായാണ് പെരുന്നാള്‍ ആഘോഷങ്ങള്‍.
നാളെ നടക്കുന്ന ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കുലശേഖരമംഗലം സലഫി മസ്ജിദിന്റെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂണിററിന്റെയും ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും വി.എച്ച് നൂഹ് സ്വലാഹി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ഗവ. യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.45ന് നടക്കുന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിന് ഷെഫീഖ് മനാരി അല്‍ ക്വാസിമി, വെച്ചൂര്‍ ജുമാമസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ കബീര്‍ മൗലവി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷെമീര്‍ ബാഖവി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്ഫുദ്ദീന്‍ സെയ്‌നി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടത്ത് നിസാര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കും.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം മൗലവി, മിഠായിക്കുന്നത്ത് മുഹമ്മദാലി ഫൈസി, വെള്ളൂരില്‍ സുബൈര്‍ മദനി, എച്ച്എന്‍എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സുലൈമാന്‍ ജൗഹരി, മാന്നാര്‍ ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റസാഖ് ബാഖവി എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക. പള്ളികളിലെല്ലാം രാവിലെ ഒന്‍പതിനാണ് നമസ്‌കാരം.