Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാങ്ങാന്‍ ആളില്ലാതെ നാട്ടിന്‍പുറങ്ങളില്‍ നാളികേരം കെട്ടിക്കിടക്കുന്നു.
04/07/2016

വൈക്കം: വെളിച്ചെണ്ണയുടെയും പാംഓയിലിന്റെയും വില ക്രമാതീതമായി ഇടിയുന്നതുമൂലം വാങ്ങാന്‍ ആളില്ലാതെ നാട്ടിന്‍പുറങ്ങളില്‍ നാളികേരം കെട്ടിക്കിടക്കുന്നു. നാലുമാസം മുന്‍പുവരെ 20 രൂപ ഉണ്ടായിരുന്ന നാളികേരത്തിന് ഇപ്പോള്‍ പത്തിന് താഴെയാണ് വില. പുറംനാടുകളില്‍നിന്നും കേരളത്തിലേക്ക് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നടത്തിയതാണ് നാളികേരത്തിന്റെ വില ഇടിയാന്‍ കാരണം. വെളിച്ചെണ്ണയ്ക്കും പാംഓയിലിനും ഏര്‍പ്പെടുത്തിയിരുന്ന നികുതി ഏതാനും ദിവസം മുന്‍പ് തമിഴ്‌നാട് സര്‍ക്കാര്‍ എടുത്തുകളഞ്ഞത് അന്യസംസ്ഥാനത്തെ അസംസ്‌കൃത എണ്ണ ഉല്‍പാദകര്‍ക്ക് അനുഗ്രഹമായി. ഇതോടെ അപരനാമങ്ങളില്‍ വെളിച്ചെണ്ണയുടെയും പാംഓയിലിന്റെയും കടന്നുവരവ് വിപണിയില്‍ വ്യാപകമായ നിലയില്‍ വെളിച്ചെണ്ണയ്ക്ക് മൊത്തവ്യാപാരരംഗത്ത് 70 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. വൈക്കം താലൂക്കില്‍ പരമ്പരാഗത തൊഴിലായി നിലനിന്നുപോരുന്ന വെച്ചൂര്‍, തലയാഴം, ഉല്ലല, കൊതവറ, ടി.വി പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, തോട്ടകം, ചെട്ടിമംഗലം, ഉദയനാപുരം, വാഴമന, കൊടിയാട് മേഖലകളിലുള്ള ചെറുകിട കൊപ്ര കച്ചവടക്കാര്‍ക്ക് വിലയിടിവ് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കര്‍ഷകരില്‍നിന്നും ശേഖരിക്കുന്ന നാളികേരം വെട്ടിയുണക്കി കൊപ്രയായി വിപണിയില്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ മിക്കപ്പോഴും ഭീമമായ നഷ്ടമാണ് കച്ചവടക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. കൃത്രിമ എണ്ണയുടെ ഇറക്കുമതി നിയന്ത്രിച്ചാല്‍ മാത്രമേ ആട്ടിയ കൊപ്രയുടെ എണ്ണയ്ക്ക് ന്യായവില ലഭിക്കുകയുള്ളൂ. സര്‍ക്കാര്‍ ഏജന്‍സികള്‍ കൊപ്ര സ്വീകരിക്കണമെങ്കില്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കണം. സുതാര്യമായ നിയമവ്യവസ്ഥകളുമായി മുന്നോട്ടുപോയാല്‍ മാത്രമേ കൂടുതല്‍ കൊപ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സംഭരിക്കാന്‍ കഴിയൂ എന്നും അതുവഴി ഇന്ന് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയൂ എന്നുമാണ് തേങ്ങാ കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സംഭരണകേന്ദ്രങ്ങളില്‍ കൊപ്രായെത്തിക്കുന്നത് കച്ചവടക്കാരാണെങ്കിലും കര്‍ഷകരുടെ പേരില്‍ ചെക്ക് നല്‍കുന്ന സംവിധാനമാണുള്ളത്. ഇതിന് മാററമുണ്ടാകണം. കൊപ്ര നല്‍കുന്ന കച്ചവടക്കാര്‍ക്കുതന്നെ പണം നേരിട്ടുകൊടുക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടതെന്ന് ഇവര്‍ പറയുന്നു.