Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാനിലെ അവസാന വെള്ളിയാഴ്ച താലൂക്കിലെ ജൂമാമസ്ജിദുകളും ഭവനങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായി
02/07/2016
റമദാനിലെ അവസാനവെള്ളിയാഴ്ച വൈക്കം കുലശേഖരമംഗലം സലഫി മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ഒത്തുകൂടിയ വിശ്വാസികള്‍.

വൈക്കം: റമദാനിലെ അവസാന വെള്ളിയാഴ്ച താലൂക്കിലെ ജൂമാമസ്ജിദുകളും ഭവനങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായി. ജുമുഅ നമസ്‌കാരത്തിന് പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ജോലിയും കച്ചവടവുമൊക്കെയായി വിവിധ പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് കൂടുന്നവരെല്ലാം ഇന്നലെ സ്വന്തം പള്ളികളില്‍ തന്നെ നമസ്‌കാരത്തിനെത്തി. വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പുണ്യം തുടര്‍ന്നുള്ള ജീവിതത്തിലും പകര്‍ത്തി മുന്നോട്ടുപോകണമെന്നാണ് പള്ളികളില്‍ ഖുത്തുബയ്ക്ക് നേതൃത്വം നല്‍കിയ ഇമാമുമാരെല്ലാം ഉദ്‌ബോധിപ്പിച്ചത്. ക്വുര്‍ആന്‍ അവതീര്‍ണമായ ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാനപത്തിലെ ഒററയൊററ രാവുകളിലൊന്നും വിശ്വാസികളുടെ പെരുന്നാള്‍ എന്നറിയപ്പെടുന്ന വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയത് ആവേശപൂര്‍വമാണ് വിശ്വാസിസമൂഹം വരവേററത്. ക്വുര്‍ആന്‍ പാരായണവും ഉറക്കമൊഴിവാക്കിയുള്ള പ്രാര്‍ത്ഥനകളും കൊണ്ട് പള്ളികള്‍ ധന്യമായി. നരകമോചനത്തിനുള്ള പ്രാര്‍ത്ഥനകളില്‍ വ്യാപൃതരായ വിശ്വാസികള്‍ ഉറങ്ങിയശേഷം എഴുന്നേററു രാത്രിയുടെ മധ്യാഹ്നത്തില്‍ നമസ്‌കരിക്കുന്ന ക്വിയാമുല്‍ ലൈല്‍ നമസ്‌കാരത്തിലും ഇഅ്തികാഫിലുമായാണ് ഒററയൊററ രാവുകളില്‍ കഴിഞ്ഞുകൂടുന്നത്. നിര്‍ബന്ധ ദാനത്തിനുപുറമെ ദാനധര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്ക് ജീവിത വിഭങ്ങള്‍ എത്തിച്ചുകൊടുക്കാനുമാണ് റമദാനിലെ അവസാനനാളുകളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുന്നത്. റമദാന്‍ വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.