Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും ഒരുമിച്ചെത്തുമ്പോള്‍ പ്രാര്‍ത്ഥനാപൂര്‍വം വിശ്വാസി സമൂഹം.
30/06/2016

വൈക്കം : റമദാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും ഒരുമിച്ചെത്തുമ്പോള്‍ പ്രാര്‍ത്ഥനാപൂര്‍വം വിശ്വാസി സമൂഹം. റമദാനിലെ അവസാനത്തെ ഒററയൊററ രാവുകളില്‍ ക്വുര്‍ആന്‍ അവതീര്‍ണമായ ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കണമെന്നാണ് പ്രവാചക അധ്യാപനം. അതില്‍ ഏററവുമധികം സാധ്യത കല്‍പിക്കപ്പെടുന്നത് 27-ാം രാവിലാണ്. നാളെ പള്ളികളും ഭവനങ്ങളും ഇബാദത്തുകള്‍കൊണ്ട് നിറയും. പള്ളികളില്‍ സുബ്ഹി നമസ്‌കാരാന്തരം തുടങ്ങുന്ന വിവിധ പ്രാര്‍ത്ഥാനപരിപാടികള്‍ ശനിയാഴ്ച സൂര്യോദയം വരെ നീളും. പള്ളികളിലെല്ലാം തറാവീഹ് നമസ്‌കാരത്തിനുപുറമെ ക്വിയാമുല്‍ ലൈല്‍ നമസ്‌കാരത്തിനും, ഇഅ്ത്തികാഫിനും, ഇഫ്താറിനും, ഇടയത്താഴത്തിനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ പള്ളികളില്‍ ഹദ്ദാദ്, റാത്തീബ്, ബുര്‍ദ ആലാപനം, നസ്വീഹത്ത്, തൗബ, വിത്‌രിയ്യ, ഖത്മുല്‍ ക്വുര്‍ആന്‍, കൂട്ടപ്രാര്‍ത്ഥന, രാത്രി ഭക്ഷണം എന്നിവയും ഉണ്ടാകും.
ആയിരം മാസത്തേക്കാള്‍ ഫലമുള്ള ഒററ രാവാണിത്. ആയിരം മാസം നമസ്‌കാരത്തിലും മററ് പ്രാര്‍ത്ഥനകളിലും മുഴുകുന്നവര്‍ക്ക് കിട്ടുന്ന പുണ്യം ഈ ഒററരാത്രി കൊണ്ട് ലഭിക്കുമെന്നാണ് വിശ്വാസം. അത് റമദാനിലെ അവസാന പത്തിലെ ഒററയൊററ രാവുകളിലാണെന്നും, അതില്‍ പ്രധാനം 27-ാം രാവാണെന്നുമാണ് പണ്ഡിതമതം. 27-ാം രാവും റമദാനിലെ അവസാന വെള്ളിയാഴ്ചയും ഒത്തുവന്നതില്‍ വിശ്വാസിസമൂഹം സന്തോഷത്തിലാണ്. ഈ ഒററരാത്രി കൊണ്ട് എണ്‍പത്തിമൂന്നേകാല്‍ വര്‍ഷം സ്രഷ്ടാവിന്റെ തൃപ്തിയിലും പൊരുത്തത്തിലും ജീവിച്ചതിന്റെ പ്രതിഫലം വിശ്വാസികള്‍ക്ക് ലഭിക്കുന്നു. ഈ ദിവസത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന ഒരു സമയമുണ്ട്. അത് ആര്‍ക്കും കൃത്യമായി അറിയാത്തതുകൊണ്ടാണ്, മുഴുവന്‍ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ കല്‍പിച്ചിരിക്കുന്നത്. നാളെ നോമ്പ് തുറക്കുന്ന സമയം മുതല്‍ ശനിയാഴ്ച സുബ്ഹി നമസ്‌കാരം വരെ നിരന്തരമായ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ നിര്‍ബന്ധ ദാനങ്ങളിലും, കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലും, സാധുജന സംരക്ഷണങ്ങളിലും വ്യാപൃതരായിരിക്കും. വൈക്കം താലൂക്കിലെ വിവിധ മഹല്ലുകള്‍ ആവേശത്തോടെയാണ് സമൂഹനോമ്പുതുറകളും, സാധുസംരക്ഷണങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ചുവരുന്നത്. വര്‍ഷത്തിലെ നിശ്ചിത മാസങ്ങളും ആഴ്ചകളിലെ ചില ദിവസങ്ങളും, ദിവസങ്ങളിലെ ചില സമയങ്ങളും പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന ദിവസങ്ങളാണെന്നാണ് വിശ്വാസം.