Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക്
27/06/2016

വൈക്കം: അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും നാളുകള്‍ക്ക് വിടചൊല്ലി വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് കടന്നു. നരകമോചനത്തിന്റെ അവസാനപത്തില്‍ വിശ്വാസികള്‍ കൂടുതല്‍ സല്‍കര്‍ങ്ങളില്‍ വ്യാപൃതരാകും. ആയിരം മാസത്തേക്കാള്‍ പ്രതിഫലമുള്ള ലൈലത്തുല്‍ ക്വദ്‌റിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം. അവസാനപത്തിലെ ഒറ്റയൊറ്റ രാവുകളില്‍ ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കണമെന്നാണ് പ്രവാചകകല്‍പന. നോമ്പിനും സാധാരണയുള്ള നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും പുറമെ തറാവീഹ് നമസ്‌കാരവും വ്രതാനുഷ്ഠാന നാളുകളില്‍ നടക്കും. അവസാന പത്തുനാളുകളില്‍ പുലര്‍ച്ചെയുള്ള ക്വിയാമുല്‍ ലൈല്‍ നമസ്‌കാരത്തിനും ഇഅ്തികാഫിനും (പള്ളിയില്‍ കഴിഞ്ഞുകൂടല്‍) താല്‍പര്യം കാണിക്കും. നരകമോചനവും സ്വര്‍ഗപ്രവേശനവും സാധ്യമാക്കണമെന്നുള്ള പ്രാര്‍ത്ഥനകളില്‍ വിശ്വാസി സമൂഹം വ്യാപൃതരാകും. നിര്‍ബന്ധ ദാനത്തിനുപുറമെ ദാനധര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്ക് ജീവിത വിഭങ്ങള്‍ എത്തിച്ചുകൊടുക്കാനും റമദാനിലെ അവസാനനാളുകളില്‍ വിശ്വാസികള്‍ കൂടുതല്‍ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്നു. ലൈലത്തുല്‍ ക്വദ്‌റിനെ ഏററവുമധികം പ്രതീക്ഷിക്കുന്ന റമദാന്‍ 27-ാം രാവില്‍ പള്ളികളും മുസ്‌ലിം ഭവനങ്ങളും ക്വുര്‍ആന്‍ പാരായണവും ഉറക്കമൊഴിവാക്കിയുള്ള പ്രാര്‍ത്ഥനകളും കൊണ്ട് ധന്യമാകും. പള്ളികളില്‍ തന്നെ ഇടയത്താഴസൗകര്യവും ഒരുക്കുന്നുണ്ട്. റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ പുണ്യമാസം വിടപറയുന്നതിലുളള ദുഖവും വിശ്വാസികളെ അലട്ടുന്നുണ്ട്. ഇക്കുറി അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒരേ ദിവസമാണെന്നതിനാല്‍ ജുമാമസ്ജിദുകളില്‍ വന്‍ഒരുക്കങ്ങളാണ് നടത്തി വരുന്നത്.