Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ജനയിലൂടെ മേവെള്ളൂര്‍ മഠത്തേടം ഹരിജന്‍ കോളനി ചരിത്രം കുറിക്കുന്നു
27/06/2016
വെള്ളൂര്‍ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലെ താരങ്ങളായ അഞ്ജനയും അക്ഷരയും പരിശീലകന്‍ ജോമോന്‍ നാമക്കുഴിക്കൊപ്പം.

തലയോലപ്പറമ്പ് : ചരിത്രം കുറിക്കുകയാണ് അഞ്ജനയിലൂടെ മേവെള്ളൂര്‍ മഠത്തേടം ഹരിജന്‍ കോളനി. ഇല്ലായ്മകള്‍ക്കു നടുവിലും അഞ്ജന നേടുന്ന വിജയം അവരുടെ ഹൃദയധമനികളില്‍ ആവേശമെഴുതുകയാണ്. വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലൂടെ കളിക്കളത്തിലെത്തിയ അഞ്ജന ഇപ്പോള്‍ രാജ്യം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ഗോവയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച താരമായത് വെള്ളൂരിന്റെ ഈ പെണ്‍കരുത്താണ്. മേവെള്ളൂര്‍ കെ.എം.എച്ച്.എസിലെ കായികാധ്യാപകനായ ജോമോന്‍ നാമക്കുഴിയുടെ കീഴിലാണ് അഞ്ജന പരിശീലനം നടത്തുന്നത്. പഠനകാലത്തും മേവെള്ളൂര്‍ സ്‌ക്കൂളിന്റെ അഭിമാനമായിരുന്നു ഈ പെണ്‍കുട്ടി. അഞ്ജനയ്‌ക്കൊപ്പം മികവാര്‍ന്ന നേട്ടമാണ് സഹപാഠിയായ അക്ഷരയും കൈവരിച്ചിരിക്കുന്നത്. ജൂനിയര്‍, സബ്ജൂനിയര്‍ ടീമുകളിലേക്ക് അക്ഷര തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അഞ്ചുതവണ കേരള ടീമിനെ പ്രതിനിധാനം ചെയ്ത് അക്ഷര കളത്തിലിറങ്ങിയിട്ടുണ്ട്. സാമ്പത്തികമായി ഏറെ പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബത്തില്‍ നിന്നാണ് അക്ഷര ഈ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. എട്ട് വര്‍ഷമായി ബൈക്ക് അപകടത്തില്‍ പരുക്കേററ് പിതാവ് തളര്‍ന്നുകിടക്കുകയാണ്. പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ സ്‌പോണ്‍സറെ കാത്തുകഴിയുകയാണ് ഈ പ്രതിഭ. പ്രതിസന്ധികള്‍ക്കിടയിലും വെള്ളൂര്‍ ഗ്രാമത്തില്‍നിന്നും ഒരുപിടി താരങ്ങള്‍ രാജ്യാന്തര തലത്തില്‍ പറന്നുയുരുന്നുണ്ട്. ഇവര്‍ക്ക് സഹായഹസ്തമൊരുക്കുവാന്‍ നാടൊരുമിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ കണ്ടില്ലെന്ന ഭാവം നടിക്കുന്നു.