Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി പുറമ്പോക്കില്‍ കക്കൂസ് മാലിന്യനിക്ഷേപം.
20/06/2016


തലയോലപ്പറമ്പ്: നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി പുറമ്പോക്കില്‍ കക്കൂസ് മാലിന്യനിക്ഷേപം. കഴിഞ്ഞ മൂന്ന് ദിവസമായി ലോഡ് കണക്കിന് മാലിന്യങ്ങളാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. വെള്ളൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡിന് സമീപമുള്ള വെളുത്തേടം ഭാഗത്തുള്ള എച്ച്.എന്‍.എല്ലിന്റെ അധീനതയിലുള്ള പാടശേഖരത്തിലാണ് മാലിന്യനിക്ഷേപം കണ്ടെത്തിയത്. ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം പാടശേഖരത്തിലൂടെ ഒഴുകുന്നത് കണ്ടെത്തിയത്. കിണറുകളിലേക്കും കുളങ്ങളിലേക്കും മാലിന്യം മഴയത്ത് ഒഴുകിയതായി കരുതപ്പെടുന്നു. നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ലൈല ജമാലും, വൈസ് പ്രസിഡന്റ് കെ.കെ മോഹനനും സ്ഥലത്തെത്തി. പിന്നീട് ഇവര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീശന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സംഘം സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡറുകള്‍ വിതറുകയും കിണറുകളും മററും പരിശോധിക്കുകയും ചെയ്തു. രാത്രി കാലങ്ങളില്‍ പോലീസ് ഈ പരിസരങ്ങളില്‍ പരിശോധന നടത്തണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. പഞ്ചായത്തും, എച്ച്.എന്‍.എല്ലും, സി.സി.എല്ലും ആലോചനകള്‍ നടത്തി പാടശേഖരത്തിനു സമീപം നിരീക്ഷണക്യാമറ സ്ഥാപിക്കണമെന്നതാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാരണം ഇതിനുമുന്‍പും ഈ ഭാഗത്ത് കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘമാണ് ഇതിനുനേതൃത്വം നല്‍കുന്നതെന്നാണ് സൂചന. ജനശ്രദ്ധയില്ലാത്ത സ്ഥലങ്ങള്‍ ഇവര്‍ കണ്ടെത്തിയശേഷം പിന്നീട് മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുകയാണ്.