Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2016-17ലേക്ക് 3.91 കോടി രൂപയുടെ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം നല്‍കി.
16/06/2016
ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാര്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2016-17ലേക്ക് 3.91 കോടി രൂപയുടെ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം നല്‍കി. സ്വന്തമായി കക്കൂസ് ഇല്ലെന്ന് ഗ്രാമസഭയിലൂടെ കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് ലഭ്യമാക്കുന്നതിനും തുറസ്സായ സ്ഥലങ്ങളില്‍ മലവിസ്സര്‍ജ്ജനം ചെയ്യാത്ത പഞ്ചായത്താക്കി മാററുന്നതിനും തീരുമാനിച്ചു. കക്കൂസ് മെയിന്റനന്‍സിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിനും നിര്‍ദ്ദേശമുണ്ടായി. ഉല്പാദന മേഖലയില്‍ തരിശ് രഹിത പഞ്ചായത്തു പദ്ധതിക്കും സമ്പൂര്‍ണ്ണ ജൈവകൃഷിപദ്ധതിക്കും സമഗ്ര പുരയിടകൃഷി പദ്ധതിക്കും ഊന്നല്‍ നല്‍കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷികാവബോധം സൃഷ്ടിക്കുന്നതിന് ടിഷ്യൂകള്‍ച്ചര്‍ പദ്ധതിക്കും നിര്‍ദ്ദേശമുണ്ട്. ക്ഷീരമേഖലയ്ക്ക് 11.75 ലക്ഷം രൂപയും മത്സ്യമേഖലയ്ക്ക് 9.5 ലക്ഷം രൂപയും പട്ടികജാതി മേഖലയ്ക്ക് 88.28 ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗക്ഷേമത്തിന് 1.49 ലക്ഷം രൂപയുടെയും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കയര്‍ മണ്‍പാത്ര പരമ്പരാഗത മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു. സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി, അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കല്‍, ഗ്രന്ഥശാലകള്‍ക്ക് പുസ്തകം വാങ്ങല്‍, ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിററ്, വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട്, പരമ്പരാഗത കലകളെ സംരക്ഷിക്കുന്നതിന് ഉദയനാപുരം ഫെസ്റ്റ്, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നീന്തല്‍ പരിശീലനവും യോഗാപരിശീലനവും, വികലാംഗര്‍ക്ക് മുച്ചക്രവാഹനം, പാലിയേററീവ് രോഗികള്‍ക്കായി പാലിയേററീവ് ഭവന്‍, ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന് സബ്‌സിഡി, സമ്പൂര്‍ണ്ണ കുടിവെള്ള സ്വയം പര്യാപ്ത പഞ്ചായത്ത്, പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്നതിന് സബ്‌സിഡി, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്ക് 90 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മൈലാടി തുരുത്ത്, ഇത്തിപ്പുഴ ടൂറിസം, അക്കരപ്പാടം പാലം, ചെട്ടിമംഗലം പാലം, ആററുവേലക്കടവ് പാലം, ഉദയനാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം, ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം എന്നിവയാണ് സെമിനാര്‍ അംഗീകരിച്ച മേല്‍തട്ട് നിര്‍ദ്ദേശങ്ങള്‍. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മുഖ്യപ്രഭാക്ഷണം നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ പഞ്ചായത്ത് പ്രദേശത്ത് നിന്ന് സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍ പഞ്ചായത്തിന്റെ ഉപഹാരം നല്‍കി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി, പി എസ് മോഹനന്‍, പി പി ദിവാകരന്‍, പ്രവീണ സിബി, പഞ്ചായത്ത് സെക്രട്ടറി രാജ്കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, അയല്‍സഭാ ഭാരവാഹികള്‍, ഇംപ്ലിമെന്റിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാതുറയിലുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു.