Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴയ ഒ.പി ബ്ലോക്കിനുപകരം പണികഴിപ്പിച്ച പുതിയ കെട്ടിടം ഉപയോഗശൂന്യം.
15/06/2016
നിര്‍മാണം പാതിവഴിയില്‍ നിലച്ച വൈക്കം താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം.

വൈക്കം : ദിവസേന ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയിലെ ജീര്‍ണാവസ്ഥയിലായ പഴയ ഒ.പി ബ്ലോക്കിനുപകരം പണികഴിപ്പിച്ച പുതിയ കെട്ടിടം ഉപയോഗശൂന്യം. കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിയിലെത്തിയിട്ട് ഒരു വര്‍ഷത്തിലധികമായെങ്കിലും പിന്നീട് ഇതിനോട് അധികാരികള്‍ക്ക് താല്‍പര്യമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെയും യു.ഡി.എഫ് നഗരസഭ ഭരണസമിതിയുടെയും കാലത്താണ് ഇതിന്റെ പണികള്‍ ആരംഭിച്ചത്. ഇപ്പോഴത്തെ ഒ.പി ബ്ലോക്ക് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. നിരവധി തവണ രോഗികള്‍ക്ക് കെട്ടിടത്തിന്റെ കോണ്‍ക്രീററ് അടര്‍ന്നുവീണ് പരിക്കേററിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പുതിയ ബ്ലോക്ക് ആരംഭിക്കുവാന്‍ നടപടിയായത്. ആശുപത്രിക്കുള്ളില്‍ നിരവധി വികസനപ്രവൃത്തികള്‍ നടക്കുന്നണ്ടെങ്കിലും കാലങ്ങളായി ഒന്നും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. ദീര്‍ഘവീക്ഷണില്ലായ്മയും യഥാസമയത്ത് ഫണ്ടുകള്‍ ലഭിക്കാതെ വരുന്നതുമാണ് പല പദ്ധതികളെയും പ്രതിസന്ധിയിലാക്കുന്നത്. ആധുനികലാബിനുവേണ്ടി കെട്ടിടനിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇവിടെയൊന്നും ഒരു പ്രവൃത്തിയും നടക്കുന്നില്ല. മുന്‍പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ഫണ്ടില്‍ നിന്നനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് ലാബ് കെട്ടിടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പ്രവര്‍ത്തനക്ഷമമാകാത്തതിനുപിന്നിലുള്ള കാരണമെന്തെന്ന് ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലാബിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. നഗരത്തില്‍ പ്രവൃത്തിക്കുന്ന ചില സ്വകാര്യ ലാബുകളുടെ ഇടപെടലുകളാണ് ആശുപത്രിയുടെ ലാബിന് വില്ലനാകുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തിലെ ഓരോ ലാബിലും പരിശോധനകള്‍ക്ക് തോന്നുന്ന ഫീസാണ് രോഗികളില്‍നിന്നും ഈടാക്കുന്നത്. ഇതിനെക്കുറിച്ചെല്ലാം കാലങ്ങളായി പരാതി നിലനില്‍ക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാക്കാലത്തും ദുരിതങ്ങളുടെ പെരുമഴയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ചികിത്സാകേന്ദ്രമാണ് ഇത്. മിക്കദിവസങ്ങളിലും രോഗികളുടെ തിരക്ക് ഒ.പി ബ്ലോക്കിനെ വലക്കാറുണ്ട്. പാതിവഴിയില്‍ പണിനിലച്ച കെട്ടിടം അടിയന്തിരമായി പൂര്‍ത്തിയാക്കി പ്രയോജനപ്പെടുത്തുവാന്‍ നഗരസഭ ഭരണസമിതിയും പുതിയ എം.എല്‍.എയും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നതാണ് ജനങ്ങളുടെ ആവശ്യം. പി.നാരായണന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് കുട്ടികളുടെ വാര്‍ഡിനുവേണ്ടി പണികഴിപ്പിച്ച കെട്ടിടവും ആശുപത്രിക്ക് ശാപമായി കിടപ്പുണ്ട്. ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടത്തോട് പിന്നീടുവന്ന ഒരു ഭരണസമിതിയും താല്‍പര്യം പ്രകടിപ്പിച്ചില്ല. തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ് ഈ കെട്ടിടം. ഉപയോഗപ്രദമാക്കാന്‍ സാധിക്കാത്തപക്ഷം ശാപമായി കിടക്കുന്ന ഇതുപോലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുകളയണമെന്ന ആവശ്യവും ശക്തമാണ്.