Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാണിക്കവഞ്ചി കുത്തിത്തുറക്കുകയും ക്ഷേത്രഓഫീസിന്റെ പൂട്ടുതകര്‍ത്ത് പണം അപഹരിക്കുകയും ചെയ്ത മോഷ്ടാവിനെ പോലീസ് പിടികൂടി.
14/06/2016
വൈക്കം കാലാക്കല്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

വൈക്കം : മഹാദേവ ക്ഷേത്രത്തിനു സമീപത്തെ കാലാക്കല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കുകയും ക്ഷേത്രഓഫീസിന്റെ പൂട്ടുതകര്‍ത്ത് പണം അപഹരിക്കുകയും ചെയ്ത മോഷ്ടാവിനെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി ബിജു(37)വിനെയാണ് എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. നാലുവര്‍ഷമായി വൈക്കം, തൃപ്പൂണിത്തുറ, ആലുവ, ഉദയംപേരൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ താമസിച്ചുവരികയായിരുന്നു. ചെറിയ കടകളില്‍നിന്ന് സിഗരററ് പായ്ക്കററുകള്‍, ചില്ലറ നാണയങ്ങള്‍ തുടങ്ങിയവയാണ് മോഷ്ടിക്കുന്നത്. കടക്കാര്‍ ഇതിന്റെ പേരില്‍ പരാതി നല്‍കില്ലെന്ന അനുഭവത്തില്‍ നിന്നാണ് ബിജുവിനെ ഇത്തരം മോഷണങ്ങളില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബിജു മോഷണത്തുക കൊണ്ട് മദ്യപിക്കുകയാണ് പതിവ്. അതിനുശേഷം രാത്രിയില്‍ കാണുന്ന കടയില്‍ കയറി മോഷണം നടത്തും. ശിഥിലമായ കുടുംബത്തിലെ അംഗമായ ഇയാള്‍ ഹോട്ടലുകളിലും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി നോക്കിയിട്ടുണ്ട്. ആദ്യമായി പോലീസ് പിടിയിലായ ബിജു നാല്‍പ്പതോളം ചെറുകിട മോഷണങ്ങളും നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എസ്.ഐ എം.സാഹില്‍, പ്രൊബേഷണല്‍ എസ്.ഐ ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കാലാക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.