Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം അത്യാവശ്യം
08/06/2016

വൈക്കം : വൈക്കം നിവാസികള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍ മരണം സംഭവിക്കുന്ന ദയനീയ കാഴ്ചയാണ് കഴിഞ്ഞ കുറേനാളുകളായി നിലനില്‍ക്കുന്നത്. നൂററാണ്ടിന്റെ പഴക്കമുള്ള സാധാരണക്കാരുടെ ചികിത്സാകേന്ദ്രമായ താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഇല്ലാത്തതാണ് പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്. ഇന്നലെ തലയാഴം ഗ്രാമപഞ്ചായത്തിലെ തോട്ടകം ഗ്രാമത്തില്‍ നാടിനെ ഈറനണിയിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ വിദ്യാര്‍ത്ഥിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഡോക്ടര്‍മാര്‍ ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുവാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടയില്‍ വഴിമദ്ധ്യേ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനാറിലധികം പേരാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കാര്‍ഡിയോളജി വിഭാഗം ഇല്ലാത്തതുമൂലം മരണമടഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ടൗണില്‍ വ്യാപാരം നടത്തുന്ന കച്ചവടക്കാരന്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്ന് താലൂക്ക് ആശുപത്രിയിലെത്തി. എന്നാല്‍ അടിയന്തിര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. ചെറിയ നെഞ്ചുവേദനയ്ക്ക് പോലും ഒരു ചികിത്സാ സൗകര്യങ്ങളും താലൂക്ക് ആശുപത്രിയില്‍ ഇല്ല. കോടിണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി ഇവിടെ നടക്കുമ്പോഴും കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നഗരസഭയിലെ ഭരണമാററവും സംസ്ഥാനത്തെ ഭരണമാറ്റവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയും ആശുപത്രിക്ക് ശുഭസൂചനകളാണ് നല്‍കുന്നത്. ഇവരെങ്കിലും കാര്‍ഡിയോളജി വിഭാഗം ആരംഭിക്കുവാന്‍ മുന്‍കൈ എടുക്കണമെന്നതാണ് മണ്ഡലം നിവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം ഒരു ചെറിയ നെഞ്ചുവേദന പോലും വൈക്കത്തുകാരെ മരണത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.