Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ വൈക്കം യൂണിററ് നാഥനില്ലാകളരി
07/06/2016

വൈക്കം : ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ വൈക്കം യൂണിററ് നാഥനില്ലാകളരിയായിട്ട് നാളെറെ ആയെന്ന് കര്‍ഷകരും കര്‍ഷകസംഘടനകളും നാട്ടുകാരും ആരോപിച്ചു. കര്‍ഷകര്‍ക്ക് സഹായം ചെയ്യുന്നതിനായി രൂപം കൊടുത്ത ഈ സ്ഥാപനത്തില്‍ നിന്നും കര്‍ഷകര്‍ക്ക് ശരിയായ സേവനം ലഭിക്കുന്നില്ല. 13 ജീവനക്കാരുള്ള ഈ സ്ഥാപനത്തില്‍ 2 പേരൊഴികെ എല്ലാവരും താല്‍ക്കാലിക ജീവനക്കാരാണ്. ഈ രണ്ടുസ്ഥിരം ജീവനക്കാരില്‍ ഒരു ജൂനിയര്‍ അസിസ്റ്റന്റാണ് ഈ സ്ഥാപനം കൈയ്യടക്കി വച്ചിരിക്കുന്നത്. ഇയാളാകട്ടെ അപൂര്‍വ്വമായി മാത്രമാണ് ഓഫീസില്‍ എത്താറുള്ളത്. ഈ ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍ നാട്ടില്‍ പാട്ടാണ്. ഈ സ്ഥാപനത്തിന്റെ ചുമതലയുള്ള ഓഫീസര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഇവിടെ വരാറുള്ളു. ഇത് ഇവര്‍ക്ക് എന്ത് തോന്ന്യാസവും കാണിക്കുന്നതിന് സൗകര്യമാണ്. ഈ സ്ഥാപനത്തിലുള്ള 30തോളം കൊയ്ത്തുമെതിയന്ത്രം കേടായിട്ട് നാളുകളായി. യഥാസമയം നന്നാക്കി കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടിയില്ല. ഇത്രയധികം കൊയ്ത്തുമെതി യന്ത്രങ്ങള്‍ വൈക്കത്തുള്ളപ്പോള്‍ ജില്ലാപഞ്ചായത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കോടികള്‍ വിലമതിക്കുന്ന കൊയ്ത്തുമെതി യന്ത്രങ്ങള്‍ കേടായി തുരുമ്പെടുക്കുമ്പോഴും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. സൗകര്യപ്രദമായ വര്‍ക്ക്‌ഷോപ്പും ആറോളം മെക്കാനിക്കല്‍ സ്റ്റാഫും ഉണ്ടായിട്ടും ഇത്രയധികം യന്ത്രങ്ങള്‍ റിപ്പയറിംഗ് നടത്താതെ മഴയും വെയിലുമേററ് നശിച്ചുകൊണ്ടിരിക്കുന്നത് ഈ സ്ഥാപനത്തിലെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്ന് വൈക്കം ജനജാഗ്രതാ സമിതി ആരോപിച്ചു. സ്ഥിരം ജീവനക്കാര്‍ അപൂര്‍വ്വമായി മാത്രമേ ഈ സ്ഥാപനത്തില്‍ കാണാറുള്ളു. താല്‍ക്കാലിക ജീവനക്കാരായ രണ്ടുവനിതകള്‍ മാത്രമാണ് സാധാരണയായി ഈ ഓഫീസില്‍ കാണാറുള്ളത്. താല്‍ക്കാലികക്കാരായതിനാല്‍ അവര്‍ക്ക് ആധികാരികമായി മറുപടിപറയാനോ സേവനം നല്‍കുവാനോ കഴിയാറില്ല. താല്‍ക്കാലിക ജീവനക്കാരായതിനാല്‍ തൊഴില്‍ സുരക്ഷിതത്വം ഭയന്ന് ഇവര്‍ ഇയാളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ്. ഇവിടുത്തെ ക്രമക്കേടുകളെ കുറിച്ച് താലൂക്ക് വികസന സമിതിയില്‍ ലഭിച്ച പരാതി ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചെങ്കിലും സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഇതുവരെ സഭയില്‍ ഹാജരായിട്ടില്ല. ഒരു സര്‍ക്കാരാഫീസിന്റെ നിലവാരത്തിലല്ല ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് താലൂക്ക് വികസന സമിതിയോഗം വിലയിരുത്തിയത്. ഈ സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ച് ശരിയായ ഒരു ഓഡിറേറാ വിജിലന്‍സ് അന്വേഷണമോ നടന്നാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുമെന്ന് പറയപ്പെടുന്നു. ഗവണ്‍മെന്റിനും കൃഷിവകുപ്പിനും ദുഷ്‌പേരുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണമെന്നും ജനജാഗ്രതസമിതി ആവശ്യപ്പെട്ടു.