Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്‍.ഡി.എഫ് മുന്‍കൈയ്യെടുക്കുമോ?
28/05/2016

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈക്കത്തെ ഏററവും വലിയ പ്രചരണ ആയുധമായിരുന്ന നേരേകടവ്-മാക്കേക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്‍.ഡി.എഫ് മുന്‍കൈയ്യെടുക്കുമോ? വൈക്കത്തെ സംബന്ധിച്ച് ഇനി യാഥാര്‍ത്ഥ്യമാകേണ്ട ഏററവും വലിയ ഒരു പദ്ധതിയാണ് നേരേകടവ് പാലം. നേരേകടവ് പാലത്തിന് മുന്നോടിയായി തൈക്കാട്ടുശേരിയില്‍ പാലം യാഥാര്‍ത്ഥ്യമായെങ്കിലും നേരേകടവ് പാലത്തിന്റെ ശിലാസ്ഥാപനം പോലും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പാലത്തോട് വലിയ താല്‍പര്യം കാണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍.ഡി.എഫ് പ്രചാരണം. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം കയ്യാളുന്ന അരൂര്‍ മണ്ഡലത്തിലാണ് തൈക്കാട്ടുശ്ശേരി പാലം യാഥാര്‍ത്ഥ്യമായതെന്ന് യു.ഡി.എഫ് തിരിച്ചടിച്ചിരുന്നു. രാഷ്ട്രീയം മറന്നുള്ള വികസനകൂട്ടായ്മ വൈക്കത്ത് യാഥാര്‍ത്ഥ്യമാകാതെ വന്നതുതന്നെയാണ് പാലത്തിന് തിരിച്ചടിയായത്. നിയോജകമണ്ഡലത്തിന്റെ പൊതുവിലും, പടിഞ്ഞാറന്‍ മേഖലയുടെ പ്രത്യേകിച്ചും ഗതാഗതവികസനത്തിനാണ് നേരേകടവ്-മാക്കേക്കടവ് പാലം വഴിതെളിക്കുക. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. വേമ്പനാട്ടുകായലില്‍ ഏററവും വീതികുറഞ്ഞ ഭാഗമാണിത്. എം.എല്‍.എമാരായ എ.എം ആരിഫ്, പി.തിലോത്തമന്‍, കെ.അജിത്ത് എന്നിവരുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും തുക അനുവദിച്ച് മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് സര്‍ക്കാര്‍ മാറിയെങ്കിലും പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പുരോഗമിച്ചു. രണ്ട് വര്‍ഷം മുന്‍പ് 816 മീറ്റര്‍ വരുന്ന പാലത്തിന്റെ നിര്‍മാണത്തിന് 99.2 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണത്തിന് കരാറുമായി. എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ക്ക് വേണ്ടത്ര വേഗതയുണ്ടായില്ല. പാലത്തിന്റെ ഇരുകരകളിലെയും റോഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാലതാമസത്തിന് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പാലം അപ്രോച്ച് റോഡിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ വശങ്ങളിലുള്ള നിരവധി വീട്ടുകാര്‍ക്ക് വഴിയില്ലാതാകും. ഇവര്‍ക്ക് സഞ്ചരിക്കാന്‍ റോഡ് നിര്‍മിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ കാര്യമായതിനാല്‍ ന്യായവില കിട്ടുമോ എന്ന സ്ഥലം ഉടമകളുടെ സന്ദേഹമാണ് ഏറെറടുക്കല്‍ നടപടികള്‍ നീണ്ടുപോകാന്‍ കാരണം. നിലവില്‍ സ്ഥലത്തിന്റെ മൂല്യമനുസരിച്ചുള്ള വില തന്നെ ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതില്‍ വ്യക്തതയില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് മതിയായ വില നല്‍കിയും സമീപവാസികളുടെ ആശങ്കകള്‍ പരിഹരിച്ചും എത്രയും വേഗം പാലം നിര്‍മാണം ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തുമ്പോള്‍ ഇതിനുമുന്നില്‍ വ്യക്തമായ മറുപടി നല്‍കുവാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. പാലം യാഥാര്‍ത്ഥ്യമാക്കുവാന്‍ ആദ്യം വേണ്ടത് ഉദയനാപുരം പഞ്ചായത്ത്, വൈക്കം നഗരസഭ, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എന്നിവയെയെല്ലാം ഉള്‍പ്പെടുത്തി ഒരു പൊതുകമ്മിററി രൂപീകരിക്കണം. എങ്കില്‍ മാത്രമേ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ. അല്ലാതെ പി.ഡബ്ല്യു.ഡി നടത്തുന്ന ഏത് പ്രവര്‍ത്തനവും വഴിപാടായി മാറാനേ സാധ്യതയുള്ളൂ. ഇപ്പോഴത്തെ എം.എല്‍.എ എങ്കിലും ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി രാഷ്ട്രീയ പാര്‍ട്ടികളെയും ജനപ്രതിനിധികളെയുമെല്ലാം ഉള്‍പ്പെടുത്തി അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സമിതി ഉണ്ടാക്കണം. അല്ലാതെ പാലം നിര്‍മാണം ആരംഭിച്ചാല്‍ ഓരോ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരാനും, നിര്‍മാണ ജോലികള്‍ക്ക് കരിനിഴല്‍ വീഴ്ത്താനും ഇടയാക്കിയേക്കും.