Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാല പൂര്‍വ്വശുചീകരണം നഗരസഭയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
26/05/2016

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും വേണ്ടി വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സത്യഗ്രഹസ്മാരക ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. വിവിധ ആരോഗ്യ വിഭാഗം മേധാവികള്‍ മഴക്കാല പൂര്‍വ്വരോഗങ്ങളെയും ശുചീകരണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ക്ലാസ്സ് എടുത്തു. കൊതുകുകള്‍ വളരാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കണമെന്നും യോഗം തീരുമാനിച്ചു. പകര്‍ച്ച പനികളെ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യും. ആയല്‍സഭകള്‍, അംഗന്‍വാടികള്‍, ആശപ്രവര്‍ത്തകര്‍, ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആഹാര, കുടിവെള്ള കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആഹാരവും കുടിവെള്ളവും തിളപ്പിച്ചതും ചൂടുള്ളതും മാത്രമേ ഉപയോഗിക്കാവൂ എന്നും യോഗം മുന്നറിയിപ്പു നല്‍കി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി മണികണ്ഠന്‍ ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവീ, കൗണ്‍സിലര്‍മാരായ ഡി.രഞ്ജിത്ത് കുമാര്‍, വി വി സത്യന്‍, ആര്‍ സന്തോഷ്, അഡ്വ അംബരീഷ് എന്നിവര്‍ പ്രസംഗിച്ചു.