Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓള്‍ കേരള വനിതാ ഫുട്‌സാല്‍ മത്സരം
25/05/2016
കോട്ടയത്തുനടന്ന ഓള്‍ കേരള വനിതാ ഫുട്‌സാല്‍ മത്സരത്തില്‍ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ പരിശീലകന്‍ ജോമോന്‍ നാമക്കുഴിയോടൊപ്പം.

അന്താരാഷ്ട്ര കായികവേദിയില്‍ ആരംഭത്തില്‍ വലിയ ആവേശമൊന്നും അല്ലായിരുന്നു ഫുട്‌സാല്‍. എന്നാല്‍ പിന്നീടാണ് ഫുട്‌സാല്‍ എന്ന കായിക ഇനം ഇന്‍ഡ്യയില്‍ ശ്രദ്ധേയമായത്. ഈ കായികരൂപം ഇന്‍ഡ്യയില്‍ അവതരിപ്പിച്ചത് നാമക്കുഴി സിസ്റ്റേഴ്‌സിലെ സഹോദരനും സായ് കേരള വുമണ്‍സ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനുമായ ജോമോന്‍ ജേക്കബാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന വനിതാ ഫുട്‌സാല്‍ മത്സരത്തില്‍ ബസേലിയസ് ടീമിനെ പരാജയപ്പെടുത്തി വെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമി വിജയം കൊയ്തു. പരമ്പരയിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതും വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലെ മിടുക്കികളാണ്. ബെസ്റ്റ് പ്ലെയറായി ജൂബി ജോണും ബെസ്റ്റ് സ്‌ട്രൈക്കറായി ഇ.ആര്‍ രേഷ്മയും മികച്ച സ്റ്റോപ്പറായി ശ്രീവിദ്യയും, കീപ്പറായി ആതിര ഗണേഷും തെരഞ്ഞെടുക്കപ്പെട്ടു. കായിക രംഗത്ത് ജോമോന്റെ സംഭാവനകള്‍ വളരെ വലുതാണ്. റോളര്‍ ബാസ്‌കറ്റ് ബോള്‍, റോളര്‍ ക്രിക്കറ്റ്, റോളര്‍ ഹോക്കി എന്നിവക്കെല്ലാം കേരളത്തില്‍ പ്രചാരം നല്‍കി ജനകീയമാക്കുന്നതിലും ഈ കായികാധ്യാപകന്‍ മികച്ച പാടവമാണ് കാണിച്ചത്. കായികരംഗത്ത് വെള്ളൂര്‍ ഗ്രാമത്തിന്റെ ഖ്യാതി ഇന്‍ഡ്യ മുഴുവന്‍ പ്രചരിപ്പിച്ച ഈ കായികാധ്യാപകന്‍ സ്ഥിരജോലിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളിലെ കായിക അധ്യാപകനാണ്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളില്‍ അധികമായും പഠിക്കുന്നത്. ഇവരുടെയെല്ലാം കായിക മികവ് കണ്ടെത്തി അവരെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരാക്കുവാന്‍ ജോമോന് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലൂടെ നിരവധി താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചു. ഇങ്ങനെ കായികരംഗത്ത് ഒരുപിടി വിജയകഥകള്‍ ജോമോന്‍ അവകാശപ്പെടുമ്പോള്‍ ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം വിദൂരതില്‍ മാത്രം അവശേഷിക്കുന്നു. ഇതിനുമാറ്റമുണ്ടാകണമെന്ന് ജോമോന്റെ ശിഷ്യഗണങ്ങള്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമാകുന്നില്ല. ഇതില്‍ ജോമോനൊപ്പം ശിഷ്യഗണങ്ങളും ദുഃഖിതരാണ്.