Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അശാസ്ത്രീയമായ മോഡല്‍ സെക്ഷന്‍ സമ്പ്രദായമാണ് വൈദ്യുതി തടസം പതിവാകുന്നതിനും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമെന്ന് ആക്ഷേപം.
18/05/2016

അശാസ്ത്രീയമായ മോഡല്‍ സെക്ഷന്‍ സമ്പ്രദായമാണ് വൈദ്യുതി തടസം പതിവാകുന്നതിനും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമെന്ന് ആക്ഷേപം. മോഡല്‍ സെക്ഷന്‍ സമ്പ്രദായത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയതോടെ വൈദ്യുതി ലൈനിലുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ ഏറെ കാലതാമസം ഉണ്ടാകുന്നു. 22 ലൈന്‍മാന്‍മാര്‍ ഉണ്ടായിരുന്ന വൈക്കത്ത് പുതിയ സമ്പ്രദായം നിലവില്‍ വന്നതോടെ 12 ആയി ചുരുങ്ങി. സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലെ മെയിന്റനന്‍സ് ജോലികള്‍ക്കായി ഇതില്‍ നിന്നും ആറുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജീവനക്കാര്‍ക്കുണ്ടായിരുന്ന വ്യക്തിപരമായ ഉത്തരവാദിത്വം നഷ്ടപ്പെട്ടു. അററകുററപ്പണികളും, ടച്ചിംഗ് വെട്ടലും വഴിപാടായി. കാര്യങ്ങളെങ്ങനെയായാലും വ്യക്തിപരമായി തങ്ങളെ ബാധിക്കില്ലെന്നതു തന്നെ കാരണം. ഇതോടെ വൈദ്യുതി തടസവും, വോള്‍ട്ടേജ് ക്ഷാമവും മുന്‍പെങ്ങുമില്ലാത്ത വിധം രൂക്ഷമായി. വൈദ്യുതി മേഖലയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ മണിക്കൂറുകളും, ദിവസങ്ങളും വേണ്ടിവരുന്നു. പുതിയ സമ്പ്രദായം നിലവില്‍ വരുന്നതിന് മുന്‍പ് അതാത് പ്രദേശത്തെ ജോലികള്‍ നിര്‍വ്വഹിക്കുന്നതിനായി ഓരോ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. വൈദ്യുതി തടസമുണ്ടായാല്‍ പ്രശ്‌നം പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കുകയെന്നതും, ടച്ചിംഗ് വെട്ടുന്നതും, വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തവരുടെ കണക്ഷന്‍ വിചേ്ഛദിക്കുന്നതുമെല്ലാം ഇവരായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ഇതെല്ലാം ചെയ്യുകയെന്നത് വ്യക്തിപരമായ ഇവരുടെ ഉത്തരവാദിത്വമായതിനാല്‍ ഓരോ ജീവനക്കാരും ഇന്നത്തേക്കാളും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നു. യഥാസമയത്ത് അററകുററപ്പണികള്‍ നടത്താത്തതിനാലും, ടച്ചിംഗ് വെട്ടാത്തതിനാലും വൈദ്യുതി തടസം പതിവായി. പല മേഖലകളിലും രാപകല്‍ വ്യത്യാസമില്ലാതെ മണിക്കൂറുകളോളമാണ് വൈദ്യുതി തടസപ്പെടുന്നത്. ചില പ്രദേശങ്ങങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. ഇലക്ട്രിക് പോസ്‌ററുകള്‍ മറിയുന്നതും ലൈന്‍ പൊട്ടുന്നതും പതിവായതോടെ ഇതുമൂലമുള്ള അപകടങ്ങളും വര്‍ദ്ധിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനുകളില്‍ നിന്നും ഷോക്കേറ്റ് ജില്ലയുടെ പല ഭാഗങ്ങളിലായി നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും, ഏതാനും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയുമുണ്ടായി. 15000 കണക്ഷനാണ് ഒരു സെക്ഷനില്‍ പുതിയ നിയമമനുസരിച്ച് ഉണ്ടാകേണ്ടത്. എന്നാല്‍ വൈക്കം സെക്ഷനില്‍ 25000 കണക്ഷനുകളാണ് നിലവിലുള്ളത്. നഗരസഭ, ടി.വി.പുരം, ഉദയനാപുരം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെടുന്ന വലിയൊരു പ്രദേശത്തെ മെയിന്റനന്‍സ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് രണ്ട് ലൈന്‍മാന്‍മാരും നാല് വര്‍ക്കര്‍മാരും മാത്രം, ഇതാണ് മററുസെക്ഷനുകളിലെയും അവസ്ഥ. അക്കരപ്പാടം പോലുള്ള പ്രദേശങ്ങളില്‍ ജീവന്‍ പണയംവെച്ചാണ് പലപ്പോഴും ജീവനക്കാര്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നത്. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കാന്‍ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണ്. ഈ സ്ഥിതിക്ക് മാററം വരാതെ വൈദ്യുതി വിതരണരംഗം കാര്യക്ഷമമാകില്ലെന്നാണ് വിവിധ തൊഴിലാളി യൂണിയനുകളുടെയും അഭിപ്രായം. അശാസ്ത്രീയമായ മോഡല്‍ സെക്ഷന്‍ സമ്പ്രദായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ പ്രക്ഷോഭത്തിലുമാണ്.