Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമസഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏററവും വാശിയേറിയ പോരാട്ടത്തിന്റെ ഫലപ്രഖ്യപനത്തിന് മണിക്കൂറുകള്‍ മാത്രം
18/05/2016

നിയമസഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏററവും വാശിയേറിയ പോരാട്ടത്തിന്റെ ഫലപ്രഖ്യപനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിജയം ആര്‍ക്കാണെന്ന് ഒരു സൂചനപോലും നല്‍കാതെയാണ് കാര്യങ്ങളുടെ കിടപ്പ്. യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും ഒരുപോലെ പ്രചാരണരംഗത്ത് സജീവമായിരുന്നു. മുന്‍കാലങ്ങളില്‍ പ്രചാരണരംഗത്ത് യു.ഡി.എഫ് സജീവമായിരുന്നെങ്കിലും ഫലപ്രഖ്യാപനത്തിനുമുന്‍പുതന്നെ എല്‍.ഡി.എഫ് വിജയം ഉറപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യത്തിന്റെ രംഗപ്രവേശത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മണ്ഡലത്തില്‍ ഏററവുമധികം ശക്തിയുള്ള സാമുദായിക സംഘടനകളായ എസ്.എന്‍.ഡി.പിയും കെ.പി.എം.എസും ഒരുമിച്ച് എന്‍.ഡി.എയിലെത്തി പോരാടുകയാണ്. കാലങ്ങളായി ഈ രണ്ട് സമുദായങ്ങളും എല്‍.ഡി.എഫ് പാളയത്തിലായിരുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതുപോലുള്ള സാധ്യതകളില്‍ യു.ഡി.എഫ് മനക്കോട്ട കെട്ടിയെങ്കിലും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുനിലയില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. എല്‍.ഡി.എഫ് അതിശക്തമായ മുന്നേററമാണ് നടത്തിയത്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തെക്കാള്‍ വ്യക്തിബന്ധങ്ങള്‍ക്കും വാര്‍ഡിലെ സൗഹൃദവുമെല്ലാമാണ് പ്രധാനം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നീലകണ്ഠന്‍ ഇടത് സ്ഥാനാര്‍ത്ഥി ആശയോടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിനോടും കിടപിടിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തിയത്. ആരംഭത്തില്‍ വോട്ടുനില ഉയര്‍ത്തുമെന്ന് പറഞ്ഞാണ് എന്‍.ഡി.എ കളം നിറഞ്ഞതെങ്കിലും ഇപ്പോള്‍ അവരും വിജയപ്രതീക്ഷയിലാണ്. എന്നാല്‍ എന്‍.ഡി.എയുടെയും യു.ഡി.എഫിന്റെയും മോഹങ്ങളെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമായിരിക്കുമെന്ന് എല്‍.ഡി.എഫ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞതവണ ലഭിച്ച 10000 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ വര്‍ദ്ധിക്കുമെന്നും അവര്‍ അടിവരയിടുന്നു. എന്‍.ഡി.എ മണ്ഡലത്തില്‍ ഒരു ഭീഷണി പോലുമല്ലെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറയന്നു. എന്നാല്‍ യു.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. സനീഷ്‌കുമാര്‍ 3000ത്തില്‍ അധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വാദം. എസ്.എന്‍.ഡി.പി-കെ.പി.എം.എസ് വോട്ടുകള്‍ ഭിന്നിക്കുന്നതിലാണ് ഇവരുടെ പ്രതീക്ഷ. വര്‍ഷങ്ങളായി യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ചിട്ടും മണ്ഡലം നേരിടുന്ന വികസനമുരടിപ്പ് ഇത്തവണ നീലകണ്ഠന് അനുകൂലമാകുമെന്ന് എന്‍.ഡി.എ സഖ്യം തറപ്പിച്ചുപറയുന്നു. ഭൂരിപക്ഷത്തിന്റെ കണക്ക് കൃത്യമല്ലെങ്കിലും തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ് നീലകണ്ഠനും സഹപ്രവര്‍ത്തകരും. മൂവരും ഒരുപോലെ വിജയപ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ ആര്‍ക്കൊപ്പമെന്ന് ഒരുസൂചനപോലും നല്‍കാതെ ക്ഷേത്രനഗരി നാളേയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. വിജയം എല്‍.ഡി.എഫിന് ആണെങ്കില്‍ ഏറെ പ്രതിസന്ധിയില്‍ ആകാന്‍ പോകുന്നത് എന്‍.ഡി.എ സഖ്യമായിരിക്കും. വിജയസാധ്യത ഉണ്ടായിട്ടും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ വന്നാല്‍ അതില്‍ യു.ഡി.എഫിലും വലിയ കുഴപ്പങ്ങള്‍ ഉടലെടുത്തേക്കാം. ഫലപ്രഖ്യാപനത്തിനുശേഷം പരാജയപ്പെടുന്ന മുന്നണികളില്‍ വലിയ പൊട്ടിത്തെറികളായിരിക്കും ഉണ്ടാവുക.