Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രായം തളര്‍ത്താത്ത ആവേശത്തില്‍ വോട്ട് ചെയ്യാന്‍ അബ്ദുല്‍ ഖാദര്‍
17/05/2016
കുലശേഖരമംഗലം വാഴേകാട് ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ വോട്ട് ചെയ്തശേഷം മടങ്ങുന്ന 96കാരനായ അബ്ദുല്‍ ഖാദര്‍.

പ്രായം തളര്‍ത്താത്ത ആവേശത്തില്‍ വോട്ട് ചെയ്യാന്‍ അബ്ദുല്‍ ഖാദര്‍ എത്തി. 96കാരനായ കുലശേഖരമംഗലം പുത്തന്‍കാവില്‍ അബ്ദുല്‍ ഖാദര്‍ വാഴേകാട് ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലാണ് പ്രായത്തെ തോല്‍പിക്കുന്ന ആേവശത്തോടെ വോട്ട് ചെയ്തത്. 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ ഇദ്ദേഹം വോട്ട് ചെയ്യാറുണ്ട്. ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശാരീരക ബുദ്ധിമുട്ടനുഭവപ്പെട്ടതുമൂലം നടക്കുന്നതിന് മറെറാരാളുടെ സഹായമോ വടിയോ വേണം. വൈക്കത്തെ ആദ്യതെരഞ്ഞെടുപ്പിലെ കെ.ആര്‍ നാരായണന്‍-സി.കെ വിശ്വനാഥന്‍ പോരാട്ടമെല്ലാം ഇദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലഘട്ടത്തില്‍ സി.കെ വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയിരുന്നത് അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിന്റെ നെല്ല് സംഭരിച്ച് സൂക്ഷിച്ചിരുന്ന വീട്ടിലായിരുന്നു. വൈക്കത്തുനിന്നും ആദ്യമായി ഹജ്ജ് ചെയ്ത കണ്ണോത്ത് കുടുംബത്തിലെ ബാവക്കുട്ടി ഹാജിയുടെ ആറ് മക്കളില്‍ ഏററവും ഇളയ ആളാണ് അബ്ദുല്‍ ഖാദര്‍. ഹാജിയുടെ മക്കളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയും ഇദ്ദേഹം തന്നെ. 1986ല്‍ നിര്യാതനായ ജ്യേഷ്ഠസഹോദരനായ അസീസ് റോയല്‍ ഇന്‍ഡ്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുലശേഖരമംഗലം സലഫി മഹല്ല് കമ്മിററി പ്രസിഡന്റായ മകന്‍ ഇബ്രാംഹിംകുട്ടിയോടൊപ്പമാണ് അബ്ദുല്‍ഖാദറിന്റെ താമസം.