Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മണ്ഡലചരിത്രത്തില്‍ ആദ്യമായി പോരാട്ടം ആവേശക്കൊടുമുടിയില്‍
14/05/2016
ടി.വി പുരത്തെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിനെയും പുഷ്പമാല അണിയിച്ച് സ്വീകരിക്കുന്നു

തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മണ്ഡലചരിത്രത്തില്‍ ആദ്യമായി പോരാട്ടം ആവേശക്കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്. യു.ഡി.എഫിന്റെ പ്രചാരണരംഗത്തെ സൂപ്പര്‍താരം ഉമ്മന്‍ചാണ്ടി ഇന്നലെ മണ്ഡലത്തിലെ നാല് പ്രചാരണയോഗങ്ങളിലാണ് നിറഞ്ഞുനിന്നത്. ഇതില്‍ മൂന്ന് കുടുംബസംഗമത്തില്‍ റെക്കോര്‍ഡ് ജനസാന്നിദ്ധ്യമാണ് ഒഴുകിയെത്തിയത്. രാവിലെ ഒന്‍പതിന് കല്ലറയില്‍ തുടങ്ങിയ കുടുംബസംഗമത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതീക്ഷിച്ച് രാവിലെ മുതല്‍ തന്നെ സ്ത്രീകളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. പലരോടും നേരിട്ടു പരാതി കേള്‍ക്കാനും അതിനു പരിഹാരം കാണുവാനുമെല്ലാം മുഖ്യന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കല്ലറയിലെ തന്റെ പ്രിയപ്പെട്ട പഴയകാല സുഹൃത്തുക്കളായ പി.കെ രാഘവനെയും പീതാംബരനെയും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കുടുംബസംഗമത്തില്‍ പ്രസംഗം ആരംഭിച്ചത്. 13 ലക്ഷം പേര്‍ക്ക് കൊടുത്തിരുന്ന ക്ഷേമപെന്‍ഷന്‍ 30 ലക്ഷം പേര്‍ക്കായി വര്‍ദ്ധിപ്പിച്ചുകൊടുക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമായി മുഖ്യന്‍ എടുത്തുകാട്ടി. കല്ലറയിലെ തിരക്കിനുശേഷം പിന്നീട് ടി.വി പുരത്ത് എത്തുമ്പോള്‍ ഇവിടെയും കാത്തിരുന്നത് വന്‍ജനസഞ്ചയമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും പ്രാധാന്യം കൊടുത്ത സര്‍ക്കാരാണ് യു.ഡി.എഫ് എന്നും കേരള ജനതയെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയോട് വാക്കുകള്‍ക്ക് ശക്തമായ തിരിച്ചടി കൊടുക്കുവാന്‍ വൈക്കത്തുകാര്‍ ശ്രമിക്കണമെന്നും മുഖ്യന്‍ അഭ്യര്‍ത്ഥിച്ചു. ലോകമാകമാനമുള്ള മലയാളികളെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണ്. ഇടതുപക്ഷം ഇതിനൊന്നും മറുപടി പറയാതെ കാഴ്ചക്കാരായി നില്‍ക്കുന്നു. ഇവിടെ തെളിയുന്നത് ഇടതു-ബി.ജെ.പി രഹസ്യബന്ധമാണ്. ടി.വി പുരത്തുനിന്ന് മുഖ്യന്‍ ഓടിയെത്തിയത് ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്തേക്കാണ്. മുഖ്യനെ കണ്ടതോടെ സ്ത്രീകളടക്കമുള്ള അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. അണികളുടെ ആവേശത്തില്‍ വീരോജ്ജ്വല പ്രസംഗമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാഴ്ചവെച്ചത്. വര്‍ഷങ്ങളായി മണ്ഡലഭരണം കയ്യാളുന്നവരെ പാഠം പഠിപ്പിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. തുടര്‍ഭരണത്തിന് അഡ്വ. എ.സനീഷ് കുമാറിനെ വിജയിപ്പിക്കണമെന്നും പറഞ്ഞാണ് ഉമ്മന്‍ചാണ്ടി മടങ്ങിയത്. മുഖ്യമന്ത്രിയോടൊപ്പം വിവിധ സ്ഥലങ്ങളില്‍ നടന്ന കുടുംബസംഗമത്തില്‍ അഡ്വ. പി.എ സലിം, ജോസി സെബാസ്റ്റിയന്‍, എന്‍.എം താഹ, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, പി.വി പ്രസാദ്, ബി.അനില്‍കുമാര്‍, മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, ജെയ്‌ജോണ്‍ പേരയില്‍, പോള്‍സണ്‍ ജോസഫ്, മാധവന്‍കുട്ടി കറുകയില്‍, അഡ്വ. എസ്.സാനു, തര്യന്‍ മാത്യൂസ്, ബഷീര്‍ പുത്തന്‍പുര, ടി.എസ് സെബാസ്റ്റ്യന്‍, എന്‍.സി തോമസ്, ലീന ഡി.നായര്‍, ജോണി തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.