Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുവപ്പുകോട്ടയില്‍ വിജയമുറപ്പിച്ച് എല്‍.ഡി.എഫ്
12/05/2016

തെരഞ്ഞെടുപ്പ് പോരാട്ടം ഉച്ചസ്ഥായിയിലേക്ക് എത്തുമ്പോള്‍ ഇടതുപക്ഷവിജയം ആവര്‍ത്തിച്ചുറപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് വൈക്കം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായി എക്കാലവും നിലനിന്നുപോന്ന വൈക്കത്ത് ഇക്കുറിയും വിജയമുറപ്പിക്കാമെന്നുള്ള പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് മത്സര രംഗത്തെത്തിയിരിക്കുന്നത്. മൂന്നുതവണ തങ്ങളെ തുണച്ച ചരിത്രം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫും. 15 തിരഞ്ഞെടുപ്പുകളില്‍ 12 തവണയും സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലമാണ് വൈക്കം. 1957 ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടി ആയിരുന്ന കെ ആര്‍ നാരായണന്‍ വിജയിച്ചു. പിന്നീട് നടന്ന 1960 ലെ തിരഞ്ഞെടുപ്പില്‍ പി എസ് ശ്രീനിവാസനിലൂടെ സിപിഐ മണ്ഡലം പിടിച്ചു. എന്നാല്‍ പിന്നീട് 1965 ല്‍ കോണ്‍ഗ്രസ്സിലെ പി പരമേശ്വരന്‍ വിജയം നേടി. പിന്നീട് 1967,70,77,80,82,97,96,98,2001,2006,2011 വര്‍ഷങ്ങളിലെല്ലാം ഇടതുപക്ഷം ജയം ആവര്‍ത്തിച്ചു. പി എസ് ശ്രീനിവാസന്‍ രണ്ടുതവണയും എം കെ കേശവന്‍ മൂന്നു തവണയും പി കെ രാഘവന്‍ ഒരുതവണയും പി നാരായണനും കെ.അജിത്തും രണ്ടു തവണ വീതവും വിജയിച്ചു. 1991 ല്‍ കോണ്‍ഗ്രസ്സിലെ കെ.കെ ബാലകൃഷ്ണന്‍ സിപിഐയിലെ കെ പി ശ്രീധരനെ പരാജയപ്പെടുത്തി.
വൈക്കം കുടിവെള്ള പദ്ധതി, മിനി സിവില്‍സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്, വല്ലകം സബ്‌സ്റ്റേഷന്‍, കെടിഡിസി കായലോര വിശ്രമ കേന്ദ്രം, കരിയാര്‍ സ്പില്‍വേ, വൈക്കം ഫയര്‍ സ്റ്റേഷന്‍, ഡിവൈഎസ്പി ഓഫീസ്, വെച്ചൂര്‍ മോഡേണ്‍ റൈസ്മില്‍, കൈപ്പുഴമുട്ട്, മുറിഞ്ഞപുഴ, തട്ടാവേലി, പാലാംകടവ് തുടങ്ങി നിരവധി പാലങ്ങള്‍, പൂത്തോട്ട-തലയോലപ്പറമ്പ്-ഏററുമാനൂര്‍ റോഡ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിജയം കൂടുതല്‍ മികവുററതാക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് .വൈക്കം നഗരസഭയിലും ഭൂരിപക്ഷം പഞ്ചായത്തുകളിലും ലഭിച്ച വിജയങ്ങള്‍ ഇതിനു പിന്‍ബലമായി മാറുന്നു. പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ ആശ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. മണ്ഡലത്തിലെ കാര്‍ഷിക മേഖലയിലും പരമ്പരാഗത തൊഴില്‍ മേഖലകളിലും വോട്ടര്‍മാര്‍ ആവേശപൂര്‍വമാണ് ആശയെ എതിരേല്‍ക്കുന്നത്. വളരെവേഗം ഇടത്തരക്കാര്‍ക്കിടയില്‍ മികച്ച സ്ഥാനാര്‍ത്ഥിയെന്ന പ്രതീതി ജനിപ്പിക്കുവാന്‍ ആശയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ആശയ്ക്കുവേണ്ടി മുമ്പെങ്ങുമില്ലാത്തവിധം രംഗത്തിറങ്ങുന്നതും ഇക്കുറി തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ബൂത്തുതലങ്ങളില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറ കോടിയേരി ബാലകൃഷ്ണന്‍, പോളിററ്ബ്യൂറോ അംഗം എം.എ ബേബി, സി.പി.ഐ ദേശീയ സെക്രട്ടറയേററ് അംഗങ്ങളായ അമര്‍ജിത്ത് കൗര്‍, പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം കേന്ദ്രകമ്മിററി അംഗം എം.സി ജോസഫൈന്‍ തുടങ്ങി നേതാക്കളുടെ വലിയൊരു നിരതന്നെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി. നാളെ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി വൈക്കം ടൗണില്‍ പ്രസംഗിക്കും. സമ്മേളനങ്ങളിലെല്ലാം വര്‍ദ്ധിത വീര്യത്തോടുകൂടിയാണ് സഖാക്കള്‍ പങ്കെടുക്കുന്നത്. തുറന്ന വാഹനത്തിലുള്ള പ്രചരണം ആരംഭിച്ചതോടെ സ്വീകരണങ്ങള്‍ വിജയപ്രതീക്ഷകളെ കൂടുതല്‍ കൂടുതല്‍ വര്‍ണാഭമാക്കുകയാണ്. വിവിധ തൊഴിലാളി സംഘടനകളുടെയും മഹിളകളുടെയും യുവജനങ്ങളുടെയും പ്രത്യേകം പ്രത്യേകം പ്രചരണസ്‌ക്വാഡുകള്‍ മണ്ഡലത്തിലെങ്ങും പ്രവര്‍ത്തനിരതമാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സനീഷ്‌കുമാര്‍ കഴിഞ്ഞതവണത്തെ തോല്‍വിയും പേറിയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. രണ്ട് നാള്‍ മുതലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് സജീവമായത്. ക്ഷേമപെന്‍ഷനുകള്‍ അടക്കമുള്ള സുരക്ഷാപദ്ധതികളെ അട്ടിമറിച്ചതിന്റെ എതിര്‍പ്പ് യു.ഡി.എഫിന് നേരിടേണ്ടി വരുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ പ്രചരണം മണ്ഡലത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഉയര്‍ത്തിയ പ്രചരണകോലാഹലങ്ങളും ഏററുവാങ്ങിയ വന്‍ പരാജയവും ഒപ്പമുണ്ടായിരുന്നവരുടെ കൂടെ മനോവീര്യം കെടുത്തിയിട്ടുണ്ട്. മററ് ഏതാനും സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടെങ്കിലും അവരാരും സജീവമല്ല. വൈക്കത്തുനിന്ന് ആദ്യമായി ഒരു വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കുമെന്ന നിലപാടിനാണ് വോട്ടര്‍ മുഖ്യപരിഗണന നല്‍കുന്നത്.